ശബരിമലയില്‍ നടന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് പന്തളം കൊട്ടാരം

By Web TeamFirst Published Nov 7, 2018, 1:21 PM IST
Highlights

ചിത്തിര ആട്ട ചടങ്ങുകള്‍ക്കായി നട തുറന്നപ്പോള്‍ ശബരിമലയില്‍ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണെന്ന് പന്തളം കൊട്ടാര നിർവ്വാഹക സംഘം സെക്രട്ടറി നാരായണ വർമ്മ.

പത്തനംതിട്ട: ചിത്തിര ആട്ട ചടങ്ങുകള്‍ക്കായി നട തുറന്നപ്പോള്‍ ശബരിമലയില്‍ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണെന്ന് പന്തളം കൊട്ടാര നിർവ്വാഹക സംഘം സെക്രട്ടറി നാരായണ വർമ്മ.

വികാരം കൊണ്ട് ശരിയായ ഭക്തരെ തടയുന്നത് ശരിയല്ല. ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കാൻ കഴിയണം. സമാധാനപരമായ സമരത്തിനാണ് പ്രാമുഖ്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തുലാമാസ പൂജയ്ക്കായി നട തുറന്നതിനേക്കാള്‍ സംഘര്‍ഷഭരിതമായിരുന്നു  ചിത്തിര ആട്ട പൂജയ്ക്കായി നട തുറന്നപ്പോള്‍ ശബരിമല. യുവതികളല്ലാത്ത ഭക്തജനങ്ങളെയടക്കം തടയുന്നതിലേക്കും അവര്‍ക്കുനേരെ ആക്രമണമുണ്ടാകുന്നതിലേക്കും വരെ കാര്യങ്ങള്‍ നീണ്ടിരുന്നു. 

പലപ്പോഴും പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പൊലീസിനായിരുന്നില്ല. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിഷേധക്കാര്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും സ്ത്രീകളെ പ്രായത്തിന്‍റെ സംശയം പറ‍ഞ്ഞ് തടഞ്ഞതിന് പുറമെ ഭക്തരെ ഇരുമുടിക്കെട്ടില്ലെന്ന് പേര് പറഞ്ഞും തടയുന്ന സാഹചര്യമുണ്ടായി.

അതിനിടെ ആചാരലംഘനങ്ങളടക്കമുള്ള വിവാദങ്ങള്‍ക്കും ശബരിമല സാക്ഷിയായി. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ ശ്രീകോവിലിന് എതിരായി നിന്ന് സംസാരിച്ചതും ഇരുമുടിയില്ലാതെ പടി ചവിട്ടിയതും വിവാദമായി.

ചില പ്രതിഷേധക്കാര്‍ പതിനെട്ടാം പടിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതും വിവാദമായിരുന്നു. പിന്നാലെ ദേവസ്വം ബോര്‍ഡംഗം കെപി ശങ്കര്‍ ദാസ് ആചാരലംഘനം നടത്തിയെന്ന ആരോപണവുമായി ദൃശ്യങ്ങള്‍ പുറത്തുവന്നതും ശബരിമലയെ കലുഷിതമാക്കിയിരുന്നു.


 

click me!