
കൊല്ലം: കാസർകോടെ കൊലപാതകങ്ങൾ പ്രതിഷേധാർഹമാണെന്നും വിഷയത്തിൽ സർക്കാർ ശക്തമായ നിലപാടടെുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കൊലപാതകങ്ങൾ പാർട്ടി നയമല്ലെന്നും കോടിയേരി വ്യക്തമാക്കി.
പാർട്ടിയുടെ അറിവോടെയല്ല കൊലപാതകമെന്ന് ആവർത്തിച്ച കോടിയേരി ബാലകൃഷ്ണൻ കേസിൽ പാർട്ടിക്കാരുൾപ്പെട്ടിട്ടുണ്ടെങ്കിൽ വച്ച് പൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി. കേസിൽ പെട്ട പാർട്ടി പ്രവർത്തകർക്ക് സംരക്ഷണം നൽകില്ലെന്നും കോടിയേരി നിലപാടെടുത്തു.
കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ സിപിഎം തയ്യാറാണെന്നും അതിന് വേണ്ടിയുള്ള സമീപനമാണ് പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടായതതെന്ന് പറഞ്ഞ കോടിയേരി ആക്രമ സംഭവങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്ന് പ്രവർത്തകരോട് ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലായവരെ പുറത്താക്കിയത്. പ്രതികൾ ഏതു മാളത്തിൽ ചെന്നൊളിച്ചാലും പൊലീസ് അവരെ പിടികൂടുമെന്നും കോടിയേരി പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ചർച്ച നടത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. ഹർത്താലിനെതിരെ നിലപാടെടുക്കാൻ മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിക്കണം. പെരിയയിൽ ഇന്നലെ സിപിഎമ്മിന്‍റെ 25 ഓഫീസുകൾ തകർക്കപ്പെട്ടെന്നും ഇത് തിരിച്ചടിക്കണമെന്ന കെ സുധാകരന്‍റെ ആഹ്വാനപ്രകാരമാണെന്നും കോടിയേരി ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam