മദര്‍ തെരേസയുടെ സാരി ഇനി മറ്റാര്‍ക്കും ഉപയോഗിക്കാനാവില്ല

By Web DeskFirst Published Jul 10, 2017, 3:10 PM IST
Highlights

കല്‍ക്കത്തയുടെ തെരുവുകളില്‍ 1948മുതല്‍ സുപരിചിതമായ നീലക്കരകളുള്ള വെളുത്തസാരി ഇനി മറ്റാര്‍ക്കും നിയമപരമായി ഉപയോഗിക്കാനാവില്ല. മദര്‍ തെരേസ ഉപയോഗിച്ചിരുന്ന മൂന്ന് നീല കരയുള്ള തൂവെള്ളസാരിയുടെ ട്രേഡ് മാര്‍ക്ക് മിഷിനറീസ് ഓഫ് ചാരിറ്റീസിന് ലഭിച്ചതോടെയാണിത്. 

മദര്‍തെരേസ വിശുദ്ധയാക്കപ്പെട്ട 2016 സെപ്റ്റംബര്‍ 4 മുതലുള്ള സാരിയുടെ അവകാശമാണ് ബൗദ്ധിക സ്വത്തവകാശ നിയമം മൂലം മിഷിനറീസ് ഓഫ് ചാരിറ്റീസിന്റെ ഭാഗമായത്. ഉള്ളിലെ രണ്ട് കരകളെക്കാള്‍ വീതിയേറിയ പുറത്തെ കരയാണ് ഈ സാരിയുടെ പ്രത്യേകത. കളര്‍ ട്രേഡ് മാര്‍ക്ക് സംരക്ഷണ നിയമപ്രകാരം സാരി ഇനി മുതല്‍ മിഷിനറീസ് ഓഫ് ചാരിറ്റീസിന്റെ പ്രതീകമായിരിക്കും.എന്നാല്‍ സാരിയുടെ ഡിസൈന്‍ നിയമം ലംഘിച്ച് വ്യാപകമായി ആഗോളതലത്തില്‍ ഉപയോഗിക്കപ്പെടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും  ട്രേഡ്മാര്‍ക്കിനെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതായും ബൗദ്ധിക സ്വത്തവകാശ അറ്റോര്‍ണി ബിശ്വജിത് സര്‍ക്കാര്‍ പറഞ്ഞു. 2013 ഡിസംബര്‍ 12ന് ട്രേഡ്മാര്‍ക്ക് രജിസ്ട്രിക്ക് മുമ്പാകെ ലഭിച്ച അപേക്ഷ മൂന്ന് വര്‍ഷത്തെ നിയമനടപടികള്‍ക്ക് ശേഷമാണ് അംഗീകരിക്കപ്പെട്ടത്. ആദ്യമായാണ് ഒരു വസ്‌ത്രം ബൗദ്ധിക സ്വത്തവകാശ നിയമത്താല്‍ സംരക്ഷിക്കപ്പെടുന്നത്.

click me!