കാലടിയിൽ രണ്ടിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ 21 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ നാല് ഇതര സംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു.
കൊച്ചി: കാലടിയിൽ രണ്ടിടങ്ങളിൽ നിന്ന് 21 കിലോഗ്രാം കഞ്ചാവുമായി പ്രായപൂർത്തിയാകത്ത ഒരാൾ ഉൾപ്പടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിലായി. ശ്രീമൂലനഗരത്ത് 16 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ ബാപി മൊല്ല (23), സാദിഖുൽ (25), പ്രായപൂർത്തിയാകാത്ത ഒരാൾ, കാഞ്ഞൂരിൽ 6 കിലോ കഞ്ചാവുമായി മൂർഷിദാബാദ് സ്വദേശി മനൂർ ഹുസൈൻ (40) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും ചേർന്ന് പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി ആലുവയിൽ ട്രെയിനിറങ്ങി ഓട്ടോയിൽ കൊണ്ടു പോകും വഴിയാണ് പിടിയിലായത്. കിലോക്ക് 3000 രൂപ നിരക്കിൽ വാങ്ങി പത്തിരട്ടി രൂപയ്ക്കാണ് കേരളത്തിൽ വില്പന നടത്തുന്നത്.
എ.എസ്.പി ഹാർദിക് മീണ, കാലടി ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി, എസ്.ഐമാരായ ശ്യാം, ജെയിംസ് മാത്യു, മാർട്ടിൻ, ഷിജു, എ.എസ്ഐ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒ ടി.എ അഫ്സൽ, സി.പി.ഒമാരായ ബെന്നി ഐസക്, റോബിൻ ജോയ്, അരുൺ രവി കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


