
കൊല്ലം: പത്തനാപുരത്ത് കന്യാസ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിസ്റ്റർ സൂസൺ മാത്യുവിന് മാനസിക വിഷമമുണ്ടായിരുന്നുവെന്ന് സഹോദരി ലാലി. സൂസണ്‍ തൈറോയിഡിന് ചികിത്സയിലായിരുന്നു. പരുമല ചികിത്സയ്ക്ക് പോയിരുന്നു. സൂസണ് അസുഖത്തെ സംബന്ധിച്ച് ഭയമുണ്ടായിരുന്നു. ഇന്നലെ രാത്രി ഒൻപതരയ്ക്ക് അവസാനമായി വിളിച്ചിരുന്നു. മറ്റ് ദുരൂഹതകള്‍ ഉള്ളതായി സംശയിക്കുന്നില്ലെന്നും സഹോദരി പറഞ്ഞു.
അതേസമയം സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പത്തനാപുരം പൊലിസ് കേസെടുത്തിട്ടുണ്ട്. മൃതദേഹത്തില്‍ രണ്ട് കൈത്തണ്ടയിലും ബ്ലേഡുകൊണ്ടുള്ള മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മുറിവുണ്ടാക്കിയ ബ്ലേഡ് കന്യാസ്ത്രീയുടെ മുറിയില്‍ നിന്നും കണ്ടെടുത്തു. എഡിഎം ശശികുമാറിന്‍റെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് പൂര്‍ത്തിയാക്കി. പ്രാഥമിക അന്വേഷണത്തില്‍ സംഭവം ആത്മഹത്യയാണെന്ന നിലപാടിലാണ് പൊലീസ്. കൈകളില്‍ സ്വയം മുറിവുണ്ടാക്കിയെന്നാണ് സൂചനയെന്ന് എസ്പി ബി അശോകന്‍ പറഞ്ഞു.
കോണ്‍വെന്‍റിലെ കിണറ്റിലാണ് സെന്‍റ് സ്റ്റീഫന്‍ സ്കൂളിലെ അധ്യാപികയായ സിസ്റ്റർ സൂസന്‍റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്. പത്തനാപുരം മൗണ്ട് താബൂർ ദേറ കോൺവെന്‍റിലായിരുന്നു സംഭവം.
രാവിലെ തന്നെ കിണറിന് സമീപം രക്തക്കറയും വലിച്ചിഴച്ച പാടുകളും കണ്ടെത്തിയിരുന്നു. സെന്‍റ് സ്റ്റീഫന്‍ സ്കൂളില്‍ 25 വര്‍ഷമായി അധ്യാപികയാണ് കൊല്ലം കല്ലട സ്വദേശിയായ സിസ്റ്റര്‍ സൂസൻ. ഒരാഴ്ച്ചയായി അവധിയിലായിരുന്നു കന്യാസ്ത്രീ . വെള്ളിയാഴ്ച്ചയാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്.
രാവിലെയോടെ കിണറിന് സമീപം രക്തപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ കിണറ്റില്‍ നോക്കിയപ്പോഴായിരുന്നു മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. കിണറ്റില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കിണറിന്‍റെ തൂണിലും കന്യാസ്ത്രീയുടെ മുറിയിലും ചോരപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കന്യാസ്ത്രീയുടെ മുടി മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മുറിച്ച മുടി മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam