പയ്യന്നൂര്‍ ഹക്കീം വധക്കേസ്: നാല് പേരെ സിബിഐ അറസ്റ്റ് ചെയ്തു

By Web DeskFirst Published Apr 6, 2017, 9:58 AM IST
Highlights

കണ്ണൂര്‍:  ഏറെ വിവാദമായ പയ്യന്നൂര്‍ ഹക്കീം വധക്കേസില്‍ നാല് പേരെ സിബിഐ അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ കൊറ്റി ജുമാ മസ്ജിദ് മുന്‍ ഭാരവാഹികളായ കെ. അബ്ദുല്‍ സലാം, കെ.പി അബ്ദുല്‍ നാസര്‍, എ. ഇസ്മയില്‍, മുഹമ്മദ് റഫീക്ക് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകം നടന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് കേസില്‍ അറസ്റ്റ് നടക്കുന്നത്. 

കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്ന് ഹക്കിമിന്റെ കുടുംബം ആവശ്യപ്പെട്ടു. 2014 ഫെബ്രുവരി 10 നാണ് പയ്യന്നൂര്‍ സ്വദേശി ഹക്കിമിന്റെ മൃതദേഹം പള്ളിയോട് ചേര്‍ന്ന മദ്രസയ്ക്ക് പുറകില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസും െ്രെകം ബ്രാഞ്ചും അന്വേഷിച്ചെങ്കിലും പ്രതികളെ പിടികൂടാനായിരുന്നില്ല.

കൊലപാതകികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും മാസങ്ങളോളം പ്രക്ഷോഭം നടത്തിയതിനെത്തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിനുസരിച്ച് ഒന്നര വര്‍ഷം മുന്‍പ് കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. പള്ളി കെട്ടിട നിര്‍മ്മാണം, കുറി നടത്തിപ്പ് എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഹക്കിമിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയ സിബിഐ നാല് പേരെ പിടികൂടി. 

ഒപ്പം നടന്നവര്‍ തന്നെ കൊലയാളികളായതിന്റെ ഞെട്ടലിലാണ് ഹക്കിമിന്റെ കുടുംബം. ഏക ആശ്രയമായ ഹക്കിമിന്റെ മരണത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവാതെ കഷ്ടപ്പെടുകയാണ് ഇവര്‍. അതേസമയം ഹക്കിം വധക്കേസില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയവര്‍ക്ക് ഇപ്പോള്‍ വസ്തുത ബോധ്യപ്പെട്ടു കാണുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു.
 

click me!