
കോട്ടയം: ബിജെപിയുമായുള്ള സഹകരണത്തോടെ പി സി ജോർജിന്‍റെ മണ്ഡലമായ പൂഞ്ഞാറിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു. പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്‍റിനെതിരായ അവിശ്വാസത്തിൽ ജനപക്ഷത്തിന് പിന്തുണ നൽകുന്നതിനെ കുറിച്ച് പുനരാലോചിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ജനപക്ഷത്തിലെ ഒരു വിഭാഗത്തിനും ബിജെപിയുമായി സഹകരിക്കുന്നതിനോട് എതിർപ്പുണ്ട്.
നവംബർ 26ന് നടന്ന പൂഞ്ഞാർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജനപക്ഷ സ്ഥാനാർത്ഥി ജയിച്ചത് കോൺഗ്രസിന്‍റെയും ബിജെപിയുടെയും പിന്തുണയോടെയാണ്. ഇതിന് ശേഷം പ്രസിഡന്‍റിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനും ധാരണയായിരുന്നു. എന്നാൽ തീരുമാനം വന്ന് മണിക്കൂറുകൾക്കുള്ളിൽ പിസി ജോർജുമായി സഹകരിക്കാൻ ധാരണയായെന്ന് ബിജെപി അറിയിച്ചു. ഇതോടെ വെട്ടിലായത് കോൺഗ്രസാണ്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ ജനപക്ഷത്തിന് പിന്തുണ നൽകുന്നത് തിരിച്ചടിയാകുമോ എന്നാണ് കോൺഗ്രസിന്‍റെ ആശങ്ക.
13 അംഗ പൂഞ്ഞാർ പഞ്ചായത്തിൽ ജനപക്ഷത്തിന് സ്വതന്ത്രനടക്കം മൂന്ന് അംഗങ്ങളാണുള്ളത്. കോൺഗ്രസിന് മൂന്നും ബിജെപിയ്ക്ക് രണ്ടും. സിപിഎമ്മിന് 5 സീറ്റ്. കോൺഗ്രസ് പിന്തുണ നൽകിയില്ലെങ്കിൽ പ്രസിഡന്‍റിനെതിരായ അവിശ്വാസം പരാജയപ്പെടും. ഇതിനിടെ ബിജെപി സഹകരണത്തോട് ജനപക്ഷത്തിലെ വലിയ വിഭാഗം എതിർപ്പ് അറിയിച്ചതും പി.സി. ജോർജിന് തലവേദനയാകുന്നുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിൽ പ്രതിഷേധിച്ച നേതാക്കളുമായി സമവായത്തിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇത് യാഥാർത്ഥ്യമായില്ലെങ്കിൽ പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടായേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam