'പിണറായിയുടെ ചരിത്രപരമായ വിഡ്ഢിത്തം, ചരിത്രം പിണറായിയെ കുറ്റക്കാരനെന്ന് വിധിക്കും'; പി സി വിഷ്ണുനാഥ്

Published : Nov 06, 2018, 05:49 PM ISTUpdated : Nov 06, 2018, 06:17 PM IST
'പിണറായിയുടെ ചരിത്രപരമായ വിഡ്ഢിത്തം, ചരിത്രം പിണറായിയെ കുറ്റക്കാരനെന്ന് വിധിക്കും'; പി സി വിഷ്ണുനാഥ്

Synopsis

മുഖ്യമന്ത്രിയെന്ന നിലയില്‍ സമവായത്തിന്റെ പാത സ്വീകരിക്കാതെ, സംഘര്‍ഷവും പ്രകോപനവും നിരന്തരം സൃഷ്ടിച്ച് തീവ്ര ആശയക്കാരായ എതിരാളികളെ വളര്‍ത്തുക; അതുവഴി സമാധാന കാംക്ഷികളായ കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്ന അജണ്ടയാണ് ശബരിമലയില്‍ വെളിവായത്

തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപിക്കും ആര്‍എസ്എസിനും വളക്കൂറുണ്ടാക്കികൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന രൂക്ഷ വിമര്‍ശവുമായി എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് രംഗത്ത്. ബി.ജെ.പിക്ക് തഴച്ചുവളരാനുള്ള മണ്ണ് ഒരുക്കി കൊടുത്തെന്ന ചരിത്രപരമായ വിഡ്ഢിത്തത്തില്‍ നിന്ന് പിണറായി വിജയന് ഒരിക്കലും കൈകഴുകാനാവില്ലെന്ന് വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.

പിസി വിഷ്ണുനാഥിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

ചരിത്രം നിങ്ങളെ കുറ്റക്കാരെന്ന് വിധിക്കും 

ശബരിമല സംഘര്‍ഷഭൂമിയാവുമ്പോള്‍, വിവാദ കേന്ദ്രമാവുമ്പോള്‍ മനസ്സ് വേദനിക്കുന്നവരാണ് കേരളത്തിലെ വിശ്വാസി സമൂഹം. 
അവര്‍ക്കൊപ്പമാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം നിലയുറപ്പിച്ചിട്ടുള്ളത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എടുത്ത നിലപാട് വിശ്വാസി സമൂഹത്തിന്റെ വികാരത്തിനൊപ്പമുള്ള നിലപാടായിരുന്നു. പുണ്യപൂങ്കാവനത്തെ കലാപഭൂമിയാക്കി മാറ്റരുതെന്നതായിരുന്നു. 
എന്നാല്‍ വിശ്വാസി സമൂഹത്തിന്റെ മൊത്തക്കച്ചവടക്കാരായ് രംഗത്തെത്തിയ ബി ജെ പിയും സംഘ്പരിവാര്‍ സംഘടനകളും അവരുടെ തനിനിറം വെളിപ്പെടുത്തിയിരിക്കയാണ്, പി എസ് ശ്രീധരന്‍പിള്ളയുടെ വിവാദ പ്രസംഗത്തിലൂടെ. ഭക്തര്‍ക്ക് ഒപ്പം നിലയുറപ്പിക്കുന്നു എന്ന് വരുത്തി തങ്ങളുടെ സങ്കുചിത താത്പര്യം അവര്‍ വെളിപ്പെടുത്തി കഴിഞ്ഞു. ”നമ്മള്‍ ഒരു അജണ്ട മുന്നോട്ടുവച്ചു. ആ അജണ്ടക്ക് പിന്നില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞു കൊണ്ട് രംഗം കാലിയാക്കുമ്പോള്‍ അവസാനം അവശേഷിക്കുന്നത് നമ്മളും നമ്മുടെ എതിരാളികളായ ഇന്നത്തെ ഭരണകൂടവും അവരുടെ പാര്‍ട്ടികളുമാണ്”- ഈ ഒറ്റ തുറന്നു പറച്ചിലിലുണ്ട്, ബി ജെ പിയും സി പി എമ്മും മാത്രമായി അവശേഷിക്കുന്ന രാഷ്ട്രീയ കേരളത്തെക്കുറിച്ചുള്ള അവരുടെ ഗൂഢാലോചനയും സ്വപ്നവും.ബി ജെ പിക്ക് തഴച്ചുവളരാനുള്ള മണ്ണ് ഒരുക്കി കൊടുത്തെന്ന ചരിത്രപരമായ വിഡ്ഢിത്തത്തില്‍ നിന്ന് പിണറായി വിജയന് ഒരിക്കലും കൈകഴുകാനാവില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ സമവായത്തിന്റെ പാത സ്വീകരിക്കാതെ, സംഘര്‍ഷവും പ്രകോപനവും നിരന്തരം സൃഷ്ടിച്ച് തീവ്ര ആശയക്കാരായ എതിരാളികളെ വളര്‍ത്തുക; അതുവഴി സമാധാന കാംക്ഷികളായ കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്ന അജണ്ടയാണ് ശബരിമലയില്‍ വെളിവായത്. 
പക്ഷെ യഥാര്‍ത്ഥ ഈശ്വര വിശ്വാസികള്‍ ബി ജെ പിയുടെയും സി പി എമ്മിന്റെയും തനിസ്വരൂപം ഇപ്പോള്‍ തിരിച്ചറിയുന്നു; നിങ്ങള്‍ വരച്ച വരയില്‍ നില്‍ക്കാനും നിങ്ങള്‍ വിരിച്ച വലയില്‍ അകപ്പെടാനും കേരളത്തിലെ പ്രബുദ്ധ ജനാധിപത്യസമൂഹം അത്രമാത്രം വിഡ്ഢികളല്ലെന്ന് ഓര്‍ക്കണം. പകല്‍ക്കിനാവിലെ എല്ലാ കണക്കുകൂട്ടലുകള്‍ക്കും വിരാമമിട്ട്, കേരളത്തിലെ സൈ്വര്യജീവിതത്തിന് വിഘ്‌നം വരുത്താതെ മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ഇരുപാര്‍ട്ടി നേതൃത്വവും തയ്യാറാവണം. മറിച്ചെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് മാത്രമല്ല ചരിത്രം നിങ്ങളെ കുറ്റക്കാരെന്ന് വിധിക്കുകയും ചെയ്യും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം