സംഘപരിവാര്‍ പ്രതിഷേധം: തിരൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ വാഗണ്‍  ട്രാജഡി ചിത്രം മായ്ച്ചു

By Web TeamFirst Published Nov 6, 2018, 5:01 PM IST
Highlights

ഹിന്ദുവിരുദ്ധ കൂട്ടക്കൊലയുടെ സ്മാരകമാണ് ഇതെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ബി.ജെ.പി മണ്ഡലം കമ്മിറ്റി പരാതിയും നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് റെയില്‍വേ പാലക്കാട് ഡിവിഷന്‍ മാനേജര്‍ ചിത്രം മായ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. 

മലപ്പുറം: തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി വരച്ച വാഗണ്‍ട്രാജഡി ചുമര്‍ചിത്രം സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉന്നത റെയില്‍വേ അധികൃതര്‍ ഇടപെട്ട് നീക്കം ചെയ്തു. ഞായറാഴ്ച പണിപൂര്‍ത്തിയാക്കിയ ചിത്രമാണ് പിറ്റേ ദിവസം തന്നെ മായ്ച്ചു കളഞ്ഞത്. ഹിന്ദുവിരുദ്ധ കൂട്ടക്കൊലയുടെ സ്മാരകമാണ് ഇതെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ബി.ജെ.പി മണ്ഡലം കമ്മിറ്റി പരാതിയും നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് റെയില്‍വേ പാലക്കാട് ഡിവിഷന്‍ മാനേജര്‍ ചിത്രം മായ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. 

റെയില്‍വേ സ്‌റ്റേഷനുകള്‍ സൗന്ദര്യവത്ക്കരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് തിരൂര്‍ റയില്‍വേസ്റ്റേഷനിലും ചുമര്‍ ചിത്രങ്ങള്‍ വരച്ചത്. കല, സംസ്‌കാരം, ചരിത്രസംഭവങ്ങള്‍ എന്നിവയുടെ പെയിന്റുകള്‍ സ്‌റ്റേഷന്‍ ചുമരുകളില്‍ വരയ്ക്കാനായിരുന്നു പദ്ധതി. പാലക്കാട്, കണ്ണൂര്‍, തിരൂര്‍, മംഗലാപുരം സ്‌റ്റേഷനുകളിലാണ് ചുമര്‍ ചിത്രങ്ങള്‍ വരയാന്‍ തീരുമാനിച്ചത്. ഇതു പ്രകാരം കണ്ണൂര്‍ സ്‌റ്റേഷനില്‍ തെയ്യരൂപങ്ങളും പാലക്കാട് സ്‌റ്റേഷനില്‍ ടിപ്പുവിന്റെ കോട്ടയുമാണ് വരച്ചത്. സ്‌റ്റേഷനുമായി ബന്ധപ്പെട്ട രണ്ടു ചിത്രങ്ങളാണ് തിരൂരിലും തെരഞ്ഞെടുത്തത്. വാഗണ്‍ ട്രാജഡി, തുഞ്ചത്തെഴുത്തച്ഛന്‍ എന്നീ വിഷയങ്ങള്‍. അതുപ്രകാരം ചിത്രങ്ങള്‍ വരയ്ക്കുന്നതിന് പാലക്കാട് സ്വദേശി സരുണ്‍ ദാസ്, കുറ്റിപ്പുറം സ്വദേശി പ്രേംകുമാര്‍ എന്നീ ചിത്രകാരന്‍മാരെ ചുമതലപ്പെടുത്തി. ഞായറാഴ്ചയോടെ ഇവര്‍ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. വാഗണ്‍ ട്രാജഡി ചിത്രം പണിപൂര്‍ത്തിയായതായി പ്രാദേശിക പത്രങ്ങളില്‍ വാര്‍ത്ത വന്നു. അതോടെയാണ് വാഗണ്‍ ട്രാജഡി ചിത്രത്തിനെതിരെ പ്രതിഷേധവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവന്നത്. 

ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി ഫോണ്‍ കോളുകള്‍ വന്നതിനെ തുടര്‍ന്നാണ് മായ്ച്ചു കളയാനുള്ള തീരുമാനം ഉണ്ടായതെന്ന് റെയില്‍വേ ഡിവിഷന്‍ ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രേം കുമാര്‍ ഇക്കാര്യത്തില്‍ പരാതിയും നല്‍കി. തുടര്‍ന്നാണ് ചിത്രം മായ്ച്ചുകളയാന്‍ ഡിവിഷനല്‍ മാനേജര്‍ ഓഫീസില്‍നിന്നും നിര്‍ദേശം വന്നത്. 

എന്നാല്‍, ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ വരച്ചതിനെ തുടര്‍ന്നാണ് ചിത്രങ്ങള്‍ മായ്ച്ചതെന്ന് തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ ഉണ്ണികൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. സ്റ്റേഷനുകളില്‍ നടക്കുന്ന സുപ്രധാനമായ കാര്യങ്ങള്‍ക്കെല്ലാം ഡിവിഷന്‍ അധികൃതരുടെ അനുമതി വേണം. അനുമതിയില്ലാതെ ചെയ്തതിനാലാണ് ചിത്രങ്ങള്‍ മായ്ക്കാന്‍ നിര്‍ദേശം വന്നതെന്ന് അദ്ദേഹം പറഞ്ഞു.

1921 ലെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് ചരിത്രപ്രാധാന്യമുള്ള റെയില്‍വേ സ്റ്റേഷനാണ് തിരൂര്‍. ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന മലബാര്‍ കലാപത്തില്‍ അറസ്റ്റിലായ നൂറോളം പേരെ പട്ടാളക്കാര്‍ വാതിലുകളില്ലാത്ത  ഗുഡ്സ് വാഗണില്‍ അടച്ച് കോയമ്പത്തൂര്‍ ജയിലിലേക്ക് കൊണ്ടുപോയത് ഇവിടെ നിന്നാണ്. പൊദനൂരില്‍ എത്തുമ്പോഴേക്കും ശ്വാസം കിട്ടാതെ ഇവരില്‍ 70 പേര്‍ പിടഞ്ഞുമരിച്ചു. 1919ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ നടുക്കം മാറും മുമ്പാണ് 1921 നവംബര്‍ 21ന് വാഗണ്‍ ട്രാജഡി നടക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ വ്യാപക പ്രതിഷേധത്തിന് ഇതിടയാക്കി. മലബാര്‍ പൊലീസ് സര്‍ജന്റ് ആയിരുന്ന റിച്ചാര്‍ഡ് ഹാര്‍വാര്‍ഡ് ഹിച്ച്‌കോക്ക് ആണ് ഈ കൂട്ടക്കുരുതിക്ക് ഉത്തരവിട്ടത്. 1972ല്‍ സംസ്ഥാന സര്‍ക്കാര്‍ വാഗണ്‍ ട്രാജഡി എന്ന് ഔദ്യോഗികമായി വിളിക്കുന്നതിനു മുമ്പ് ദക്ഷിണേന്ത്യയിലെ ജാലിയന്‍ വാലാബാഗ് എന്നായിരുന്നു ഇൗ സംഭവം അറിയപ്പെട്ടിരുന്നത്. തിരൂര്‍ സ്‌റ്റേഷനുമായുള്ള ഈ ബന്ധമാണ് വാഗണ്‍ ട്രാജഡി ചിത്രം തെരഞ്ഞെടുക്കാന്‍ കാരണമായത്. 

വാഗണ്‍ ട്രാജഡി സ്വാതന്ത്യസമരത്തിന്റെ ഭാഗമല്ലെന്നും ചിത്രങ്ങള്‍ പുതിയ തലമുറയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും പറഞ്ഞാണ് ബി.ജെ.പി പ്രാദേശിക നേതൃത്വം റെയില്‍വെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. പുതുതലമുറയ്ക്ക് തെറ്റായ വിവരം നല്‍കാന്‍ റെയില്‍വേ സ്റ്റേഷനിലെ ചുമര്‍ ചിത്രം കാരണമാവുമെന്നതിനാലാണ് പരാതി നല്‍കിയതെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രദീപ് കുമാര്‍ പറഞ്ഞു. മലബാര്‍ കലാപം സ്വാതന്ത്ര്യ സമരമായി കാണാനാവില്ല. അതൊരു ഹിന്ദുവിരുദ്ധ കൂട്ടക്കൊലയായിരുന്നുവെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.

ചിത്രങ്ങള്‍ മായ്ച്ചതിനെതിരെ യു.ഡി.എഫ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ജനപ്രതിനിധികളെ അടക്കം അണിനിരത്തി സമരം ശക്തമാക്കാനാണ് യു.ഡി.എഫ് തീരുമാനം. അപകടകരമായ പ്രവണതയാണ് ഇതെന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് വെട്ടം ആലിക്കോയ പറഞ്ഞു. ചരിത്രത്തെ വികലമാക്കുന്ന നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

click me!