ബു‍ർഹാൻ വാണി വധം ഒഴിവാക്കാമായിരുന്നു: പിഡിപി എംപി

By Web DeskFirst Published Jul 20, 2016, 4:56 PM IST
Highlights

ന്യൂഡല്‍ഹി: കാശ്മീരിലെ ഹിസ്‍ബുല്‍ കമാന്‍ഡര്‍ ബു‍ർഹാൻ വാണിയുടെ വധം ഒഴിവാക്കാമായിരുന്നുവെന്ന് പിഡിപി എംപി മുസഫർ ഹുസൈൻ. കശ്മീർ വിഷയം ചർച്ചയായപ്പോൾ ലോക്സഭയിലാണ് ബൈഗ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചത്.

കശ്മീരിൽ വഴിതെറ്റി തീവ്രവാദികളായ പലരെയും തിരുത്തി തിരികെ കൊണ്ടു വന്നത് പോലെ ബുർഹാൻ വാണിയെയും തിരുത്താമായിരുന്നു. വധം ഒഴിവാക്കിയിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾ കശ്മീരിൽ ഉണ്ടാകുമായിരുന്നില്ലെന്നും വാണിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിൽ ഇന്ത്യയുടെ മഹത്വമായി ഇത് വിലയിരുത്തപ്പെടുമായിരുന്നുവെന്നും ഹുസൈൻ ബൈഗ് പറഞ്ഞു.

ഹുസൈൻ ബൈഗിന്‍റെ പരാമർശങ്ങൾ പലതും ലോക്സഭയിൽ ബഹളത്തിനിടയാക്കി. കശ്മീർ വിഷയം കൈകാര്യ ചെയ്ത രീതിയെ കോണ്‍ഗ്രസ്സും മറ്റ് പ്രതിപക്ഷപാർട്ടികളും രൂക്ഷമായി വിമർശിച്ചു. കേന്ദ്ര സർക്കാരിന്‍റെ സങ്കുചിത താൽപര്യങ്ങൾ കശ്മീരിൽ അടിച്ചേൽപിക്കാൻ ശ്രമിക്കുകയാണെന്ന് കോണ്‍‍ഗ്രസ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ സോണിയാ ഗാന്ധി  കുറ്റപ്പെടുത്തി. കശ്മീർ വിഷയം കേന്ദ്ര സർക്കാർ വഷളാക്കിയെന്നും പിഡിപി-ബിജെപി സംഖ്യത്തിൽ താഴ്വരയിലെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

വിഷയത്തില്‍ പാർലമെന്‍റിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് നാളെ മറുപടി നൽകും.

കശ്മീർ വിഷയത്തിൻമേൽ ഇന്ത്യയുടെ എതിർപ്പ് മറികടന്ന് പാക്കിസ്ഥാൻ ഇന്ന് കരിദിനം ആചരിച്ചു. നാളെ കശ്മീരിൽ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സർവ്വ കക്ഷി യോഗം വിളിച്ചിട്ടുണ്ട്.

click me!