
കോഴഞ്ചേരി: നിർമ്മാണം ആരംഭിക്കുന്നതിന് മുൻപേ വിവാദത്തിലായി പത്തനംതിട്ട കോഴഞ്ചേരിയിലെ പുതിയ പാലം. പാലത്തിന്‍റെ അലൈൻമെന്‍റ് ആറന്മുള ക്ഷേത്രത്തിലേക്കുള്ള തിരുവോണത്തോണിയുടെയും പള്ളിയോടങ്ങളുടെയും വരവിന് തടസ്സമാകുമെന്ന് പള്ളിയോട സേവാസംഘം പരാതിപ്പെട്ടിരിക്കുകയാണ്. പരാതി നൽകിയിട്ടും പൊതുമരാമത്ത് വകുപ്പ് നടപടിയെടുത്തിട്ടില്ലെന്നാണ് ആരോപണം.
അലൈൻമെന്‍റ് മാറ്റാതെ നിർമ്മാണം അനുവദിക്കില്ലെന്ന് പള്ളിയോട സേവാ സംഘം അറിയിച്ചു. തിരുവല്ല പത്തനംതിട്ട സംസ്ഥാന പാതയിൽ കോഴഞ്ചേരിയിലെ നിലവിലെ പാലത്തിന് സമാന്തരമായാണ് പുതിയ പാലം വരുന്നത്. എന്നാൽ രണ്ട് പാലങ്ങളുടെയും തൂണുകൾ നേർ രേഖയിൽ വരത്തക്ക വിധമല്ല അലൈൻമെന്‍റ് തയ്യാറാക്കിയിട്ടുള്ളത്.
നിലവിലെ അലൈൻമെന്‍റ് പ്രകാരം പാലം നിർമ്മിച്ചാൽ ആറന്മുള പാർത്ഥസാരത്ഥി ക്ഷേത്രത്തിലേക്ക് ചിങ്ങമാസത്തിലെ ഉത്രാടദിവസം വരുന്ന തിരുവോണത്തോണിയ്ക്കും വള്ളസദ്യക്ക് എത്തുന്ന പതിനാല് പള്ളിയോടങ്ങൾക്കും വരാൻ ബുദ്ധിമുട്ടാകുമെന്ന് പള്ളിയോട സേവാ സംഘം വ്യക്തമാക്കുന്നു. രണ്ട് പാലത്തിലും തട്ടി പള്ളിയോടങ്ങൾ മറിയുമെന്നാണ് സേവാ സംഘത്തിന്‍റെ ആശങ്ക.
നേരത്തെ ഇക്കാര്യം പൊതുമരാമത്ത് വകുപ്പ് അധികൃതരെ ധരിപ്പിച്ചിട്ടും നടപടി ഉണ്ടായില്ലെന്നാണ് പരാതി. തുടർനടപടി സ്വീകരിക്കാൻ അമ്പത്തിരണ്ട് പള്ളിയോട ഗ്രാമങ്ങളുടെ കൂട്ടായ്മ ഫെബ്രുവരി ഒമ്പതിന് യോഗം വിളിച്ചിട്ടുണ്ട്. പാലം നിർമ്മാണത്തിന്‍റെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam