ജനവാസ കേന്ദ്രത്തില്‍ നിന്നും ഐഒസി പാചകവാതക പ്ലാന്‍റ് മാറ്റണം; പ്രതിഷേധവുമായി നാട്ടുകാര്‍

By Web TeamFirst Published Nov 1, 2018, 10:51 PM IST
Highlights

കഴിഞ്ഞ മാസം പാണമ്പ്ര വളവില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞ് വാതകം ചോര്‍ന്നതോടെയാണ് സമീപത്തെ ഐഒസി പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായത്.
 

മലപ്പുറം: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ പാചക വാതക ഫില്ലിങ്‌ പ്ലാന്‍റ് ചേളാരിയിലെ ജനവാസ കേന്ദ്രത്തില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന്  പ്ലാന്‍റിന്‍റെ ലൈസൻസ് റദ്ദാക്കാൻ പഞ്ചായത്ത് ഭരണസമിതിയും തീരുമാനിച്ചു.  കഴിഞ്ഞ മാസം പാണമ്പ്ര വളവില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞ് വാതകം ചോര്‍ന്നതോടെയാണ് സമീപത്തെ ഐഒസി പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായത്.

തൊട്ടടുത്ത റോഡില്‍ ടാങ്കറില്‍ നിന്ന് വാതകം ചോര്‍ന്നിട്ടും മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ ഐഒസിക്ക് ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞില്ലെന്നാണ് നാട്ടുകാരുടെ പരാതി. പുലര്‍ച്ചെ  അഞ്ച് മണിമുതല്‍ വൈകിട്ട് അഞ്ചുമണിവരെ ടാങ്കറില്‍ നിന്ന് വാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതുവരെ സമീപവാസികളെല്ലാം ഭീതിയിലായിരുന്നു. ഇതോടെ പല ഘട്ടങ്ങളിലായി പ്ലാന്‍റിന്‍റെ സംഭരണ ശേഷി വര്‍ദ്ധിപ്പിച്ചതടക്കമുള്ള കാര്യങ്ങള്‍ നിയമപരമായല്ല കമ്പനി ചെയ്തതെന്ന പരാതിയുമായി ജനങ്ങള്‍ രംഗത്തെത്തി. പരാതി പരിശോധിച്ച തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കും ഇക്കാര്യം ബോധ്യപെട്ടിരുന്നു. ഇതോടെയാണ് പ്ലാന്‍റിന്‍റെ ലൈസൻസ് റദ്ദാക്കാൻ ഭരണസമിതി തീരുമാനിച്ചത്. ജനവാസമേഖലയായ ചേളാരിയില്‍ നിന്ന് പ്ലാന്‍റ് മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ ലൈസൻസ് റദ്ദാക്കാൻ ഗ്രമപഞ്ചായത്ത് തീരുമാനിച്ചതിനു പിന്നാലെ ഐഒസി അധികൃതര്‍ ചില രേഖകള്‍ പഞ്ചായത്തില്‍ ഹാജരാക്കിയിട്ടുണ്ട്. ഇതു പരിശോധിച്ചുവരികയാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. നിയമപരമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് ഐഒസി അധികൃതരും വിശദീകരിച്ചു. 
 

click me!