
ലക്നൗ: ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ സ്കൂള്‍ ബസ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 കുട്ടികള്‍ മരിച്ചു. ആളില്ലാ റെയില്‍വേ ക്രോസിലാണ് അപകടം ഉണ്ടായത്. അപകടസ്ഥലം സന്ദര്‍ശിക്കുന്നതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെ കുശിനഗറില്‍ നൂറ് കണക്കിന് ആളുകള്‍ പ്രതിഷേധിച്ചു.
ഇന്ന് രാവിലെയാണ് 20കുട്ടികളുമായി പോയ സ്കൂള്‍ ബസ് യു.പി കുശിനഗറിലെ റെയില്‍ക്രോസ് മറികടക്കുന്നതിനിടെ പാസഞ്ചര്‍ ട്രെയിനുമായി കൂട്ടിയിടച്ചത്. കുശിനഗര്‍ ഡിവൈന്‍ പബ്ലിക്ക് സ്കൂളിലെ ബസ്സാണ് അപകടത്തില്‍ പെട്ടത്. റെയില്‍വേ ക്രോസിങ്ങില്‍ കാവല്‍ക്കാരന്‍ ഇല്ലായിരുന്നു. പ്രദേശവാസികള്‍ അപകടത്തില്‍ പെട്ടവരെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 13 കുട്ടികള്‍ മരിച്ചു. എട്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. സ്കൂള്‍ ബസ് ഡ്രൈവര്‍ മൊബൈല്‍ ഹെഡ്സെറ്റില്‍ പാട്ട് കേട്ടാണ് വാഹനം ഓടിച്ചതെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു.
പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തി കണ്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവാദികള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. മരിച്ചവരുടെ കുടംബത്തിന് രണ്ട് ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ അടിയന്തരധനസഹായം പ്രഖ്യാപിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ റെയില്‍വേയും അന്വേഷണം പ്രഖ്യാപിച്ചു. രാജ്യത്തെ മുഴുവന്‍ ആളില്ലാ ലെവല്‍ക്രോസുകളിലും കാവല്‍ക്കാരെ നിയമിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വിനി ലോഹാനി ഉറപ്പ് നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam