മറഡോണയല്ല; അര്‍ജന്‍റീനയെ പരിശീലിപ്പിക്കാന്‍ സാക്ഷാല്‍ പെപ് ഗാര്‍ഡിയോള എത്തിയേക്കും

By Web DeskFirst Published Jul 4, 2018, 7:34 PM IST
Highlights
  • ഏതെങ്കിലും ദേശീയ ടീമിന്‍റെ പരിശീലകനാകണമെന്ന താല്‍പര്യം ഗാര്‍ഡിയോള നേരത്തെ വ്യക്തമാക്കിയിരുന്നു

ബ്യൂണസ് ഐറിസ്: റഷ്യയില്‍ കിരീടം മോഹിച്ചെത്തി നാണംകെട്ട് മടങ്ങിയ അര്‍ജന്‍റീനയും മെസിയും ആരാധകരുടെ മനസില്‍ വേദനയാണ്. ആദ്യ മത്സരം മുതല്‍ ചാമ്പ്യന്‍ ടീമിനുള്ള ഗുണങ്ങളൊന്നും മെസിപ്പടയ്ക്ക് പുറത്തെടുക്കാനായില്ല. ലോകഫുട്ബോളിലെ താരതമ്യേന ദുര്‍ബലരായ ഐസ് ലാന്‍ഡിനെതിരെ സമനിലയില്‍ കുരുങ്ങിയപ്പോള്‍ തന്നെ അര്‍ജന്‍റീനയുടെ വിധി തീരുമാനിക്കപ്പെട്ടു.

ക്രൊയേഷ്യയക്കെതിരെ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയ അവര്‍ നൈജീരിയയെ വീഴ്ത്തി പ്രീ ക്വാര്‍ട്ടറിലെത്തിയെങ്കിലും ഫ്രാന്‍സിന്‍റെ ചടുലതയ്ക്കും വേഗത്തിനും മുന്നില്‍ കണ്ണീരണിഞ്ഞു. ടീം പ്രഖ്യാപനം മുതല്‍ ആരാധകര്‍ പരിശീലകന്‍ സാംപോളിക്കെതിരെ രംഗത്തുവന്നിരുന്നു. യോഗ്യതയ്ക്ക് വേണ്ടി ലാറ്റിനമേരിക്കയില്‍ കടുത്ത വെല്ലുവിളി നേരിട്ടപ്പോള്‍ തന്നെ സാംപോളി ചോദ്യം ചെയ്യപ്പെട്ടിരുന്നു,

സാംപോളിയുടെ തന്ത്രങ്ങള്‍ റഷ്യയില്‍ അത്ഭുതം കാട്ടുമെന്ന് വിശ്വസിച്ചിരുന്നവര്‍ കുറവായിരുന്നു. ഇറ്റാലിയന്‍ ലീഗില്‍ ഗോളടിച്ചുകൂട്ടിയ ഇക്കാര്‍ഡിയെ തഴഞ്ഞതും ടെവസിനെ പരിഗണിക്കാത്തതും മെസി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഡിബാലയെ പുറത്തിരുത്തുന്നതുമെല്ലാം സാംപോളിക്ക് വിമര്‍ശനങ്ങളായി പതിച്ചിരുന്നു,

ഒടുവില്‍ റഷ്യയില്‍ തോറ്റമ്പി നില്‍ക്കുമ്പോഴും പരിശീലക സ്ഥാനം ഒഴിയില്ലെന്ന പ്രഖ്യാപനമാണ് സാംപോളിയില്‍ നിന്നുണ്ടായത്. ആരാധകരും ഇതിഹാസ താരങ്ങളുമെല്ലാം ഇതിനെതിരെ ഒന്നടങ്കം രംഗത്തുവന്നിട്ടുണ്ട്. സാക്ഷാല്‍ മറഡോണ തന്നെ പ്രതിഫലമില്ലാതെ അര്‍ജന്‍റീനയെ പരിശീലിപ്പിക്കാമെന്ന വാഗ്ദാനം മുന്നോട്ട് വച്ചിട്ടുണ്ട്.

എന്നാല്‍ അര്‍ജന്‍റീനയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആരാധകരെ സന്തോഷത്തില്‍ ആറാടിക്കുന്നതാണ്. ബാഴ്സലോണയുടെ വിഖ്യാത പരിശീലകനായിരുന്ന പെപ് ഗാര്‍ഡിയോള പരിശീലകനായി ബ്യൂണസ് ഐറിസില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെസിയുടെ കൂടി സമ്മതത്തോടെയാണ് നീക്കമെന്നാണ് വ്യക്തമാകുന്നത്.

നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനായ ഗാര്‍ഡിയോളയെ അര്‍ജന്‍റീനയിലെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് രണ്ട് ടീമുകളിലും കളിക്കുന്ന സെര്‍ജിയോ അഗ്യൂറോയാണ്. മെസിയുടെ ഏറ്റവും വിശ്വസ്തനും പ്രിയപ്പെട്ടവനുമായ പരിശീലകനും ഗുരുസ്ഥാനീയനുമാണ് ഗാര്‍ഡിയോള.

അര്‍ജന്‍റീനന്‍ ഫുട്ബോള്‍ അധികൃതര്‍ ഗാര്‍ഡിയോളയെ സമീപിച്ചെന്നും പന്ത്രണ്ട് മില്യണ്‍ ഡോളറിലധികം വാഗ്ദാനം ചെയ്‌തെന്നും അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ കാര്യങ്ങള്‍ ശുഭമായി പര്യവസാനിക്കുന്നതിന് ചില വെല്ലുവിളികളുണ്ടെന്നും അവര്‍ ചൂണ്ടികാട്ടുന്നു. 2021 വരെ ഗാര്‍ഡിയോളയ്ക്ക് മാഞ്ചസ്റ്റര്‍ സിറ്റിയുമായി കറാറുണ്ട്. 

എന്നാല്‍ മാഞ്ചസ്റ്റര്‍ ബന്ധം ഉപേക്ഷിച്ച് ഗാര്‍ഡിയോള ബ്യൂണസ് ഐറിസിലെത്താനുള്ള സാധ്യത അവര്‍ തള്ളിക്കളയുന്നില്ല. മെസിയുമായുള്ള ബന്ധം ഇക്കാര്യത്തില്‍ നിര്‍ണായകമാകും. മാത്രമല്ല ഏതെങ്കിലും ദേശീയ ടീമിന്‍റെ പരിശീലകനാകണമെന്ന താല്‍പര്യം ഗാര്‍ഡിയോള നേരത്തെ വ്യക്തമാക്കിയിരുന്നു. എന്തായാലും തീരുമാനം അറിയാന്‍ കുറച്ചു കൂടി കാത്തിരിക്കേണ്ടിവരും.

click me!