
ആലപ്പുഴ: നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വിദേശികളെ മോഹിപ്പിച്ച് കേരളത്തിലേക്കെത്തിച്ച 'കറുത്ത പൊന്‍ മണികള്‍' ആലപ്പുഴ ആര്യാട് ഗ്രാമപഞ്ചായത്തില്‍ പുതു ചരിത്രമെഴുതുകയാണ്. സമ്പൂര്‍ണ ഹൈടെക് കാര്‍ഷികവത്കരണത്തിന്റെ പുത്തന്‍ അദ്ധ്യായം. അധികം താമസിയാതെ കേരളത്തിന്‍റെ 'കുരുമുളക് ഗ്രാമ'മെന്ന കിരീടം ആര്യാട് ശിരസ്സിലേറ്റും. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്നു മുതല്‍ ഇവിടെ സമ്പൂര്‍ണ കാര്‍ഷിക വത്കരണത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. ഒപ്പം പ്‌ളാസ്റ്റിക് വിരുദ്ധ, മാലിന്യമുക്ത ഗ്രാമം പദ്ധതിയുമുണ്ട്. പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക വെബ് ആപ്‌ളിക്കേഷനും തയ്യാറായി കഴിഞ്ഞു. ആശയത്തിലെ വ്യത്യസ്ത കൊണ്ട് കേരളത്തിലെ മറ്റ് പഞ്ചായത്തുകള്‍ക്ക് മാതൃകയാകുകയാണിവിടം.
അനുദിനം പെരുകുന്ന പ്‌ളാസ്റ്റിക്ക് മാലിന്യമെന്ന അര്‍ബുദത്തെ ഇല്ലാതാക്കാന്‍ രാജ്യമൊട്ടാകെ പലരും പല പദ്ധതികളും പലയിടത്തും നടപ്പാക്കി. ഒന്നും അന്തിമ ലക്ഷ്യം കൈവരിച്ചില്ല. സമ്പൂര്‍ണകാര്‍ഷികവത്കരണത്തിനായുള്ള അഗ്രിബാഗ് പദ്ധതികളും ഉദ്ദേശിച്ച ഫലം കണ്ടില്ല. മന്ത്രി തോമസ് ഐസകിന്റെ നേതൃത്വത്തില്‍ ആലപ്പുഴയിലും തിരുവനന്തപുരത്തും നടപ്പാക്കിയ 'നിര്‍മ്മല ഭവനം നിര്‍മ്മല നഗരം' പദ്ധതിയും താളം തെറ്റിയ സ്ഥിതിയാണ്.
കൃത്യമായ മോണിറ്ററിംഗ് ഇല്ലാത്തതാണ് പല പദ്ധതികളും ലക്ഷ്യത്തിലെത്താത്തതിന് പിന്നില്‍. ഇവിടെയാണ് ആര്യാട് പഞ്ചായത്തിന്റെ 'ഹരിത കിരണം' പദ്ധതിയുടെ പ്രസക്തി. മാനുവലായ മോണിറ്ററിംഗില്‍ സ്വാഭാവികമായും അപാകതകളുണ്ടാമെന്നതിനാല്‍ ഹൈടെക് സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച്, പ്രത്യേക മൊബൈല്‍ ആപ്‌ളിക്കേഷന്‍ വഴിയുള്ള വെബ് മോണിറ്ററിംഗ് സംവിധാനമാണ് ആര്യാട് പഞ്ചായത്ത് നടപ്പാക്കുന്നത്.
ഹരിതകിരണം പദ്ധതി
സമ്പൂര്‍ണ്ണ കാര്‍ഷികവത്കരണം, മാലിന്യനിര്‍മാര്‍ജ്ജനം എന്നിവ ലക്ഷ്യമിട്ടാണ് 'ഹരിതകിരണം എന്ന ബൃഹത് പദ്ധതി' നടപ്പാക്കുന്നത്. ഗ്രാമത്തിലെ തരിശ് ഭൂമി ഉള്‍പ്പെടെയുള്ള സ്ഥലത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ആരോഗ്യം വീണ്ടെടുക്കുകയുമാണ് ലക്ഷ്യം. 2017- 18 വാര്‍ഷിക പദ്ധതി പ്രകാരം പഞ്ചായത്തിലെ എല്ലാ വീടുകളിലും കൃഷിയെന്ന ആശയം നടപ്പാക്കും. ഇതിന്റെ ഭാഗമായി ഗ്രാമത്തിലെ 7000ത്തോളം വീടുകളിലും സൗജന്യമായി കുറ്റികുരുമുളക് നല്‍കും.
ഗുണമേന്മയുള്ള തെങ്ങിന്‍ തൈകളും വിത്തിനങ്ങളും വളവും നല്‍കും. 23 ലക്ഷമാണ് പദ്ധതി ചെലവ്. സിനിമാതാരം ശരണ്യമോഹനാണ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍. കുരുമുളകിന്റെ വിപണി മൂല്യം കണക്കാക്കിയാണ് അത് നല്‍കുന്നത്. തൈ ഒന്നിന് 59 രൂപയാണ് വില. 'കുറ്റി കുരുമുളക് അധികം പൊക്കം വയ്ക്കാത്തതിനാല്‍ ഫലം പൂര്‍ണമായും എടുക്കാനാകും. വീട്ടാവശ്യം കഴിഞ്ഞുള്ള കുരുമുളക് വിപണിയില്‍ വിറ്റഴിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. ' - ആര്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിന്‍ രാജ് വി.പി. പറയുന്നു.
പ്ലാസ്റ്റിക് സ്മാര്‍ട്ട് ആര്യാട്
പ്‌ളാസ്റ്റിക് സ്മാര്‍ട്ട് ആര്യാട്' എന്ന ഉപ പദ്ധതിയിലൂടെ പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്താകാനാണ് ശ്രമം. പ്‌ളാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റിനൊപ്പം ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയും ഉപയോഗിച്ചാണിത് സാദ്ധ്യമാക്കുക. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക, പുനരുപയോഗ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുക, പുനചംക്രമണ സംവിധാനമൊരുക്കുക എന്നിവയാണ് പദ്ധതി മാര്‍ഗ്ഗങ്ങള്‍.
ഇതിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിശ്ചിത തുക നികുതി ഈടാക്കും. വ്യാപാരികളുടെ യോഗം വിളിച്ചുചേര്‍ത്ത് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് തുണി, പേപ്പര്‍ബാഗുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പ്‌ളാസ്റ്റിക് പൊടിക്കുന്നതിനായി പഞ്ചായത്ത് ആറാം വാര്‍ഡിലെ പ്ലാശുകുളത്തിന് സമീപം റീസൈക്ലിംഗ് യൂണിറ്റ് ആരംഭിക്കും. ഇതിനായി 17.5 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. നവംബര്‍ 26ന് ധനമന്ത്രി ടി എം തോമസ് ഐസക് റീസൈക്ലിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്യും.
18 വാര്‍ഡുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവിടെ എത്തിച്ച് കഷ്ണങ്ങളായി ക്‌ളീന്‍ കേരള കമ്പനിക്ക് നല്‍കും. കിലോയ്ക്ക് 12 രൂപയാണ് നിരക്ക്. ഇതിനായി പഞ്ചായത്തിലുള്ള 7000 വീടുകളില്‍ ക്യൂ ആര്‍ കോഡ് ഘടിപ്പിച്ച പ്രത്യേകം ബിന്നുകള്‍ നല്‍കി. ആരെങ്കിലും വീഴ്ചവരുത്തിയാല്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ കണ്ടെത്താനാകും. തെരഞ്ഞെടുത്ത 36 ഹരിതസേന പ്രവര്‍ത്തകര്‍ വഴി ഭവനങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കും. ദിനംപ്രതി ഒരു രൂപയാണ് സര്‍വീസ് ചാര്‍ജ്ജ്.
ജൈവ മാലിന്യത്തിന് പ്രത്യേകം പദ്ധതി
ജൈവ മാലിന്യ സംസ്‌ക്കരണത്തിന്റെ ഭാഗമായി ഭവനങ്ങളില്‍ ക്യു ആര്‍ കോഡ് പതിപ്പിച്ച കമ്പോസ്റ്റ് പിറ്റ്, പൈപ്പ് കമ്പോസ്റ്റ് സ്ഥാപിക്കും. കേന്ദ്രീകൃത സംവിധാമെന്ന നിലയില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിനോട് ചേര്‍ന്ന് മണ്ണിര കമ്പോസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തും. ഇത് കുരുമുളക് ഉള്‍പ്പടെയുള്ള കൃഷിക്ക് വളമായി ഉപയോഗിക്കാനാകും.
വെബ് മോണിറ്ററിംഗ് സംവിധാനം
പഞ്ചായത്തിലെ ഓരോ ഭവനങ്ങളിലും സംഭരണ പാത്രങ്ങളിലും ക്യൂആര്‍ കോഡ് പതിച്ച ബിന്നുകളാണ് നല്‍കുന്നത്. കുരുമുളക് തൈയ്‌ക്കൊപ്പം നല്‍കുന്ന ചട്ടിയിലും ക്യു ആര്‍ കോഡ് ഉണ്ടാകും. ഈ കോഡ് പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സ്‌കാന്‍ ചെയ്യുന്നതിലൂടെ പഞ്ചായത്തിലെ ഏതൊരാള്‍ക്കും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പരാതികള്‍ അറിയിക്കുവാനും സാധിക്കും. ഈ വെബ് മോണിറ്രറിംഗ് വഴി പ്രവര്‍ത്തനത്തിന്റെ സുതാര്യത ഉറപ്പിക്കാനാകും'- പഞ്ചായത്ത് പ്രസിഡന്റ് സി.വി. കവിതാ ഹരിദാസ് പറഞ്ഞു.
കമ്പ്യൂട്ടര്‍ വിദഗ്ധനായ ജോയ് സെബാസ്റ്റ്യനാണ് മൊബൈല്‍ ആപ്‌ളിക്കേഷന്റെ ശില്‍പ്പി. ഇതിനായി ബി.ടെക്/എം.സി.എ ബിരുദധാരികളായ പത്തുപേരെ പഞ്ചായത്ത് കണ്ടെത്തിയിട്ടുണ്ട്. കേരളപ്പിറവിദിനത്തില്‍ ഹരിതകിരണം, പ്ലാസ്റ്റിക് സ്മാര്‍ട്ട് ആര്യാട് പദ്ധതി ഹരിതകേരള മിഷന്‍ വൈസ് ചെയര്‍മാന്‍ ഡോ. ടി.എന്‍ സീമ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ പ്രചാരണത്തിനായി നാളെ മുതല്‍ ലൈവ് ഷോ, കൂട്ടയോട്ടം, ഫ്ളാഷ് മോബ്, നാടന്‍പാട്ട്, തെരുവ് നാടകങ്ങള്‍, നിറച്ചാര്‍ത്ത് എന്നിവ സംഘടിപ്പിക്കുകയാണിപ്പോള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam