കീടനാശിനി തളിക്കുന്നതിനിടെ മരണം; സംസ്ഥാനത്തെ എല്ലാ വളം ഡിപ്പോകളിലും പരിശോധന

By Web TeamFirst Published Jan 19, 2019, 2:56 PM IST
Highlights

കീടനാശിനി ഉപയോഗിക്കുന്നതിനിടെ രണ്ടുപേര്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് തിരുവല്ല ഇലഞ്ഞിമൂട്ടിലെ വളം ഡിപ്പോ പൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ വളം കീടനാശിനി ഡിപ്പോകളും പരിശോധിച്ച് റിപ്പോർട്ട് നൽകാന്‍ കൃഷി മന്ത്രി വി എസ് സുനിൽകുമാർ. കീടനാശിനി ഉപയോഗിക്കുന്നതിനിടെ രണ്ടുപേര്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. അതേസമയം തിരുവല്ല ഇലഞ്ഞിമൂട്ടിലെ വളം ഡിപ്പോ പൂട്ടി. 

തിരുവല്ല പെരിങ്ങര ഇരികര പാടശേഖരത്ത് നെല്ലിന് കീടനാശിനി തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട രണ്ടു പേരാണ് മരിച്ചത്. വേങ്ങൽ കഴുപ്പിൽ കോളനിയിൽ സനൽ കുമാർ, മത്തായി ഇശോ എന്നിവരാണ് മരിച്ചത്. സനൽ കുമാറിനൊപ്പം കീടനാശിനി തളിക്കാനുണ്ടായിരുന്ന മൂന്നു പേർ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. 

ബുധനാഴ്ച്ച വൈകീട്ടാണ് ഇവർ പാടശേഖരത്ത് മരുന്ന് തളിച്ചത്. മരുന്ന് തളിക്കുന്നത് കാണാൻ എത്തിയതായിരുന്നു മത്തായി ഈശോ. കൃഷി വകുപ്പിന്‍റെ അംഗീകാരമുള്ള സ്ഥിരമായി ഉപയോഗിക്കാറുള്ള കീടനാശിനിയാണ് തളിച്ചത്. എന്നാൽ 20 മില്ലി ലിറ്റർ ഉപയോഗിക്കേണ്ട കീടനാശിനി 50 മില്ലി ലിറ്റർ ഉപയോഗിച്ചതാണ് മരണ കാരണം.


ക്രിഷി ഓഫീസറുടെ കുറിപ്പില്ലാതെയാണ് കർഷകത്തൊഴിലാളികൾ ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് കിടനാശിനി വാങ്ങിയതെന്നാണ് വിവരം. നാല് മണിക്കൂർ മാത്രമേ കീടനാശിനി തളിക്കുന്നവർ പാടത്ത് നിൽക്കാവു എന്നായിരുന്നു കൃഷി ഓഫീസർമാരുടെ നിർദ്ദേശം. ഇതിൽ കൂടുതൽ സമയം ഇവർ പാടശേഖത്തിൽ തങ്ങിയതും ദേഹാസ്വാസ്ഥ്യത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. 

click me!