
ദില്ലി: രാജ്യത്ത് പെട്രോള്‍ വില കുതിച്ചുയര്‍ന്ന് 90 രൂപ കടന്നു. മഹാരാഷ്ട്രയിലെ 12 നഗരങ്ങളിലാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 90 രൂപ കടന്നത്. മഹാരാഷ്ട്രയിലെ പര്‍ഭാനി, നന്ദുര്‍ബാര്‍, നന്ദേഡ്, ലത്തൂര്‍, ജല്‍ന, ജല്‍ഗോണ്‍, ഹിങ്കോളി, ഗോണ്ടിയ, ബുല്‍ധാന, ബീഡ്, ഔറംഗബാദ്, രത്നഗിരി എന്നീ നഗരങ്ങളിലാണ് പെട്രോള്‍ വില 90 രൂപ കടന്നത്.
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില രേഖപ്പെടുത്തിയത് പര്‍ഭാനിയിലാണ്. ഒരു ലിറ്റര്‍ പെട്രോളിന് 91 രൂപ 15 പൈസയാണ് വില. ഇന്നലെ പെട്രോളിന് തിരുവനന്തപുരത്ത് 57 പൈസയും ദില്ലിയിൽ 28 പൈസയുമാണ് വര്‍ധിച്ചത്. ലിറ്ററിന് 85 രൂപ 27 പൈസയായായിരുന്നു തിരുവനന്തപുരത്തെ ഇന്നത്തെ വില. മെട്രോ നഗരങ്ങളിൽ മുംബൈയിലാണ് പെട്രോളിനും ഡീസലിനും ഏറ്റവും ഉയര്‍ന്ന വില. മുംബൈയില്‍ പെട്രോളിന്റെ വില 89.38 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോഡിലെത്തിയിരിക്കുകയാണ്. ദില്ലിയില്‍ പെട്രോളിന് 82 രൂപയും ചെന്നൈയില്‍ 85.15 രൂപയുമാണ് വില. കൊല്‍ക്കത്തയില്‍ 83.76 രൂപയുമാണ് പെട്രോളിന്റെ വില. സെപ്തംബര്‍ ഒന്ന് മുതല്‍ ഇന്ന് വരെ മുംബൈയില്‍ പെട്രോളിന് 2.36 രൂപയും ഡീസലിന് 3.72 രൂപയുമാണ് കൂടിയത്.
ക്രൂഡ് ഓയില്‍ വില വര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് ഇന്ധനവില വര്‍ധനയ്ക്ക് കാരണമായി പറയുന്നത്. 26 ശതമാനം മൂല്യവര്‍ധിത നികുതി ചുമത്തിയ മഹാരാഷ്ട്രയിലാണ് ഇന്ത്യയില്‍ ഏറ്റവും അധികം പെട്രോള്‍ വില ഉയരുന്നത്. ഡീസലിനാകട്ടെ 22 ശതമാനമാണ് ഇവിടെ മൂല്യവര്‍ധിത നികുതി. ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ നികുതി കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്. ഇന്ധനവില കുറയ്ക്കാൻ നടപടി ഇല്ലാത്തതിൽ കേന്ദ്രമന്ത്രിമാർക്ക് പോലും അമർഷമുണ്ട്. അതേസമയം, ഇന്ധന നികുതി കുറയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പ്രധാനമന്ത്രിയാകും എടുക്കുക എന്നാണ് ധനമന്ത്രാലയം ഒടുവില്‍ അറിയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam