കുവൈത്തില്‍ ഫിലിപ്പൈൻകാരിയുടെ കൊല: മൂന്ന് മലയാളികള്‍ക്ക് ജീവപര്യന്തം

By Web DeskFirst Published May 3, 2018, 1:00 AM IST
Highlights
  • കുവൈത്തില്‍ ഫിലിപ്പൈൻകാരിയെ കൊല: മൂന്ന് മലയാളികള്‍ക്ക് ജീവപര്യന്തം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫിലിപ്പീൻസുകാരിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് മലയാളികൾക്ക് ജീവപര്യന്തം തടവ്. വായ്പ നൽകിയ പണം തിരിച്ച് കൊടുക്കാതിരിക്കാൻ സുഹൃത്തുക്കൾ ചേർന്ന് യുവതിയെ കൊലപ്പെടുത്തി എന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്.

2014 ഫെബ്രുവരിയില്‍ ഫര്‍വാനിയ പാക്സ്ഥാൻ സ്കൂളിന് സമീപം ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടാവുകയും ഫിലിപ്പീൻസ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. തീപിടിത്തത്തെ തുടർന്നുള്ള സ്വാഭാവിക മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. മൃതദേഹത്തിൽ നടത്തിയ ഫൊറൻസിക് പരിശോധനയിൽ തീപിടിത്തം നടന്നതിന് മൂന്നുദിവസം മുൻ‌പ് യുവതി മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. 

സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ സി‌വിൽ ഐഡിയും ബാങ്ക് കാർഡുമാണ് അന്വേഷണം മലയാളി യുവാക്കളിൽ എത്തിച്ചത്. യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയും തെളിവ് നശിപ്പിക്കാൻ ഫ്ലാറ്റിന് തീകൊളുത്തുകയും ചെയ്തുവെന്നാണ് കേസ്. കോഴിക്കോട് താമരശേരി സ്വദേശി അജിത് അഗസ്റ്റിൻ, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശേരി സ്വദേശി തുഫൈൽ എന്നിവർക്കാൻ സുപ്രീം കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 

കുവൈത്തിൽ ബേക്കറി ജീവനക്കാരായിരുന്നു മൂന്നുപേരും. പലിശക്ക് പണം കൊടുക്കാറുണ്ടായിരുന്ന യുവതിയിൽനിന്ന് അജിത് വാങ്ങിയ സംഖ്യ തിരിച്ചടക്കാതിരിക്കാനാണ് കൊലപാതകവും തെളിവ് നശിപ്പിക്കാൻ സുഹൃത്തുക്കളുടെ സഹായത്തോടെ ഫ്ലാറ്റിന് തീയിട്ടു എന്നവുമാണ് പ്രോസിക്യൂഷൻ കേസ്. അതേസമയം കൊല നടത്തിയതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ക്രിമിനൽ കോടതിയും അപ്പീൽ കോടതിയും പ്രതികളെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. എന്നാൽ, കീഴ്ക്കോടതി കുറ്റവിമുക്തരാക്കിയ പ്രതികളെ പരോൾ അനുവദിക്കരുത് എന്ന പരാമർശത്തോടെയാണ് സുപ്രീം കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 

click me!