കണിച്ചുകുളങ്ങര ക്ഷേത്രത്തിന് മൂന്നരക്കോടിയുടെ ധനസഹായം; ഒപ്പം നിന്നതിന് വെള്ളാപ്പള്ളിക്കുള്ള സമ്മാനമോ?

By Web TeamFirst Published Feb 15, 2019, 10:51 AM IST
Highlights

ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും സഹായം നല്‍കുന്ന കേന്ദ്ര പദ്ധതിയായ സ്വദേശി ദര്‍ശന്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തെ തഴഞ്ഞപ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്‍റെ സഹായം

കണിച്ചുകുളങ്ങര: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും വനിതാ മതിലിലും സംസ്ഥാന സര്‍ക്കാരിന്‍റെ കൂടെ നിന്ന വെള്ളാപ്പള്ളി നടേശന് പിണറായി സര്‍ക്കാര്‍ വക സമ്മാനം. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ദേവസ്വം പ്രസിഡണ്ടായ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് മൂന്നര കോടി രൂപയുടെ പിൽഗ്രിം ഫെസിലിറ്റേഷന്‍ സെന്‍ററാണ് ടൂറിസം വകുപ്പ് നിര്‍മ്മിക്കുന്നത്. കെട്ടിടത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങ് ഈ മാസം 25 ന് മുഖ്യമന്ത്രി ക്ഷേത്രത്തില്‍ നിര്‍വ്വഹിക്കും. 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പോട് കൂടിയാണ് വെള്ളാപ്പള്ളി നടേശന്‍ പൂര്‍ണ്ണമായും ഇടതുപക്ഷത്തിന്‍റെ നിലപാടിനൊപ്പം നിന്നത്. ചെങ്ങന്നൂരില്‍ ഇടതുപക്ഷത്തിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം വെള്ളാപ്പള്ളി സമുദായംഗങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. ചെങ്ങന്നൂരിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായപ്പോഴെല്ലാം വെള്ളാപ്പള്ളി പിണറായിക്കും സര്‍ക്കാരിനും ഒപ്പം നിന്നു. 
ശബരിമല സ്ത്രീ പ്രവേശനവിഷയത്തിലടക്കം സര്‍ക്കാര്‍ പ്രതിസന്ധിയിലായപ്പോഴെല്ലാം മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ വെള്ളാപ്പള്ളി നടേശനുണ്ടായിരുന്നു. ഒടുവില്‍ വെള്ളാപ്പള്ളി നടേശനെ വനിതാ മതിലിന്‍റെ സംഘാടക സമിതി ചെയര്‍മാനുമാക്കി. അതിനിടയിലാണ് വെള്ളാപ്പള്ളി നടേശന്‍ ദേവസ്വം പ്രസിഡണ്ടായ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് വേണ്ടി ടൂറിസം വകുപ്പ് കെട്ടിടം നിര്‍മ്മിച്ച് കൊടുക്കുക്കാന്‍ തീരുമാനിച്ചത്.

ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും സഹായം നല്‍കുന്ന കേന്ദ്ര പദ്ധതിയായ സ്വദേശി ദര്‍ശന്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തെ തഴഞ്ഞപ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്‍റെ സഹായം. പിണറായി വിജയനൊപ്പം വെള്ളാപ്പള്ളി നടേശനും ജില്ലയിലെ സിപിഎം മന്ത്രിമാരായ ജി സുധാകരനും ടിഎം തോമസ്ഐസക്കും തറക്കല്ലിടല്‍ ചടങ്ങിന് കണിച്ചുകുളങ്ങര ക്ഷേത്രത്തിലെത്തും. 

കേന്ദ്രം അനുവദിക്കാത്ത പദ്ധതിയാണ് സംസ്ഥാന ടൂറിസം വകുപ്പ് വെള്ളാപ്പള്ളി നടേശന്‍റെ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് നല്‍കുന്നത്. ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പിലെ പിന്തുണയും സംസ്ഥാന സര്‍ക്കാരിനും പിണറായിക്കും കൊടുക്കുന്ന ശക്തമായ പിന്തുണയും തന്നെയാണ് ഇതിന് പിന്നിലെന്ന് വ്യക്തം

click me!