
പന്തളം: മുഖ്യമന്ത്രിയുമായുളള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി. തിങ്കളാഴ്ചയായിരുന്നു തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരുന്നത്. എന്നാൽ ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ഉറച്ച നിലപാടിൽ മുന്നോട്ടുപോകുന്ന സർക്കാരുമായി ഇപ്പോൾ ചർച്ച നടത്തിയിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞാണ് തന്ത്രികുടുംബത്തിന്‍റെ പിന്മാറ്റമെന്നാണ് സൂചന. വിധിയ്ക്കെതിരെ വിവിധ സംഘടനകളുമായി ചേർന്ന് നാളെ തന്ത്രി കുടുംബം പുനഃപരിശോധനാഹർജി നൽകിയേക്കും. ഇതിൽ സുപ്രീംകോടതിയുടെ അന്തിമതീരുമാനമറിഞ്ഞ ശേഷം ഭാവിപരിപാടികളുമായി മുന്നോട്ടുപോകാനാണ് നീക്കം.
സമവായത്തിനുള്ള എല്ലാ സാധ്യതകളും അടച്ചത് സർക്കാർ തന്നെയാണെന്നാണ് പന്തളം രാജകുടുംബത്തിന്‍റെ പ്രതികരണം. സുപ്രീംകോടതിവിധി നടപ്പാക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ ശേഷം പിന്നെ ചർച്ചയ്ക്ക് വിളിയ്ക്കുന്നതിൽ യുക്തിയില്ലെന്ന് പന്തളം രാജകുടുംബത്തിന്‍റെ പ്രതിനിധി ശശികുമാരവർമ വ്യക്തമാക്കി. തന്ത്രികുടുംബത്തിന് യോഗക്ഷേമസഭയും പിന്തുണ പ്രഖ്യാപിച്ചു.
അതേസമയം, തന്ത്രി കുടുംബം ചര്‍ച്ചയ്ക്ക് വരുമോ എന്ന് നോക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ചര്‍ച്ചയ്ക്ക് വന്നാല്‍ അപ്പോള്‍ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്ത്രി കുടുംബവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചർച്ച നടത്താനായിരുന്നു ആദ്യം ആലോചനയെങ്കിലും പിന്നീട് മുഖ്യമന്ത്രി തന്നെ നേരിട്ട് കാണാൻ തീരുമാനിയ്ക്കുകയായിരുന്നു. സ്ത്രീപ്രവേശന വിധി നടപ്പാക്കണമെന്ന നിലപാടിൽ സർക്കാറിനും സിപിഎമ്മിനും വിട്ടുവീഴ്ചയില്ല. മുസ്ലീം പള്ളികളിലടക്കം എല്ലാ ആരാധാനാലയങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് സിപിഎം നിലപാടെന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ വിശദീകരിച്ചിരുന്നു.
ഹിന്ദുത്വവോട്ട് ബാങ്കിന്‍റെ ഏകീകരണം ലക്ഷ്യമിട്ട് കോൺഗ്രസ്സും ബിജെപിയും രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നത് സിപിഎം ഗൗരവമായി കാണുന്നുണ്ട്. വിധിക്കെതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് സമവായ ചർച്ച നടത്താൻ സർക്കാർ നീക്കം നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam