‘മറ്റത്തൂരിൽ നിന്നും പുറത്തുവരുന്നത് അനായാസേനയുള്ള ലയന വാർത്തയാണെങ്കിൽ കോട്ടയം കുമരകത്ത് ലയിക്കാതെ തന്നെ കോൺഗ്രസും ബിജെപിയും പരസ്യമായ സഖ്യത്തിലാണ് . അവിടെ കൈപ്പത്തിയിൽ താമരയേന്തിയാണ് ഇടതുപക്ഷത്തിന് എതിരെ ഭരണത്തിലേറിയത്’.
കൊച്ചി: കേരളത്തിൽ കോൺഗ്രസിനും ബിജെപിയ്ക്കും ഇപ്പോഴുള്ളത് എളുപ്പത്തിൽ ലയിക്കാവുന്ന ഘടനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ബിജെപി അധികാരത്തിലെത്താൻ കോൺഗ്രസ് ജയിച്ചാലും മതിയെന്ന് തെളിയിക്കുന്നതാണ് മറ്റത്തൂരും കുമരകത്തും സംഭവിച്ചതെന്ന് എം സ്വരാജ് പറയുന്നു. പണ്ട് ഹിന്ദുമഹാസഭയിലും കോൺഗ്രസിലും ഒരേസമയം അംഗത്വമെടുത്ത് പ്രവർത്തിക്കാമായിരുന്നു. ആർഎസ്എസിലും കോൺഗ്രസിലും ഒരേസമയം അംഗത്വമെടുക്കാനും പ്രവർത്തിക്കാനും തടസമില്ലെന്ന തീരുമാനവും ഒരിക്കൽ കോൺഗ്രസ് എടുത്തിട്ടുണ്ട്. ആ അടിത്തറ ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുവെന്നും സ്വരാജ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഇടതുപക്ഷം അധികാരത്തിലെത്തുന്നത് തടയാൻ മറ്റത്തൂരിൽ കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം ബിജെപി ആയി മാറുകയും, കുമരകത്ത് സഖ്യത്തിലേർപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് കോൺഗ്രസിനെ വിമർശിച്ച് സ്വരാജിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. മറ്റത്തൂരിൽ നിന്നും പുറത്തുവരുന്നത് അനായാസേനയുള്ള ലയന വാർത്തയാണെങ്കിൽ കോട്ടയം കുമരകത്ത് ലയിക്കാതെ തന്നെ കോൺഗ്രസും ബിജെപിയും പരസ്യമായ സഖ്യത്തിലാണ്. അവിടെ കൈപ്പത്തിയിൽ താമരയേന്തിയാണ് ഇടതുപക്ഷത്തിന് എതിരെ ഭരണത്തിലേറിയത്. ഇതേ ദിവസം തന്നെയാണ് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ദിഗ് വിജയ് സിംഗ് മോദിയെ പ്രശംസിക്കുകയും നെഹ്റുവിനെ പരോക്ഷമായി പരിഹസിക്കുകയും ചെയ്തതായി വാർത്ത വരുന്നത്. ആർ എസ് എസിനെ കണ്ടു പഠിക്കണമെന്ന ഉപദേശവും അദ്ദേഹം നൽകിയിട്ടുണ്ട്- സ്വരാജ് പരിഹസിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍രെ പൂർണ്ണരൂപം
അനായാസേന ലയനം ...
പണ്ട് ഹിന്ദുമഹാസഭയിലും കോൺഗ്രസിലും ഒരേ സമയം അംഗത്വമെടുത്ത് പ്രവർത്തിക്കാമായിരുന്നു. ആർ എസ് എസിലും കോൺഗ്രസിലും ഒരേസമയം അംഗത്വമെടുക്കാനും പ്രവർത്തിക്കാനും തടസമില്ലെന്ന തീരുമാനവും ഒരിക്കൽ കോൺഗ്രസ് എടുത്തിട്ടുണ്ട്. ഇത്തരമൊരു അടിത്തറ ശക്തമായി നിലനിൽക്കുന്നതു കൊണ്ടാവാം എളുപ്പത്തിൽ ലയിക്കാവുന്ന ഘടനയാണ് കോൺഗ്രസിനും ബി ജെ പിയ്ക്കും ഇപ്പോഴുമുള്ളത്.
കുറച്ചു നാൾ മുമ്പ് അരുണാചൽ പ്രദേശിലെ കോൺഗ്രസ് ഒന്നടങ്കം ബിജെപിയിൽ ലയിച്ചു. അവിടെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. പേമാ ഖണ്ടു മുഴുവൻ കോൺഗ്രസ് എം എൽ എ മാരെയും ഒപ്പം കൂട്ടിയാണ് ബിജെപിയിൽ ലയിച്ചത്. അദ്ദേഹം ഇപ്പോൾ ബിജെപി മുഖ്യമന്ത്രിയായി നാടുഭരിക്കുന്നു. ഇപ്പോഴിതാ ഇവിടെ കേരളത്തിൽ ഒരു പഞ്ചായത്തിലെ കോൺഗ്രസ് പൂർണമായും ബിജെപിയിൽ ലയിച്ച വാർത്തയാണ് പുറത്തുവരുന്നത്.
തൃശ്ശൂരിലെ മറ്റത്തൂർ ഗ്രാമപഞ്ചായത്തിലാണ് ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ കോൺഗ്രസ് ബിജെപിയിൽ ലയിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കോൺഗ്രസിന് എട്ട് അംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളുമാണ് അവിടെ ഉണ്ടായിരുന്നത്. പത്ത് അംഗങ്ങളുള്ള ഇടതുപക്ഷത്തെ തോൽപിക്കാൻ 8 കോൺഗ്രസ് അംഗങ്ങളും കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ലയിച്ചുവത്രേ!
മറ്റത്തൂരിൽ നിന്നും പുറത്തുവരുന്നത് അനായാസേനയുള്ള ലയന വാർത്തയാണെങ്കിൽ കോട്ടയം കുമരകത്ത് ലയിക്കാതെ തന്നെ കോൺഗ്രസും ബിജെപിയും പരസ്യമായ സഖ്യത്തിലാണ് . അവിടെ കൈപ്പത്തിയിൽ താമരയേന്തിയാണ് ഇടതുപക്ഷത്തിന് എതിരെ ഭരണത്തിലേറിയത്. ഇതേ ദിവസം തന്നെയാണ് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശ്രീ. ദിഗ് വിജയ് സിംഗ് മോദിയെ പ്രശംസിക്കുകയും നെഹ്റുവിനെ പരോക്ഷമായി പരിഹസിക്കുകയും ചെയ്തതായി വാർത്ത വരുന്നത്. ആർ എസ് എസിനെ കണ്ടു പഠിക്കണമെന്ന ഉപദേശവും അദ്ദേഹം നൽകിയിട്ടുണ്ട്.
ആർ എസ് എസ് ശാഖയ്ക്ക് കാവൽ നിന്ന മുൻ കെ പി സി സി പ്രസിഡൻ്റും ഗോൾവാൾക്കർ ജന്മശതാബ്ദി ഉദ്ഘാടനം ചെയ്ത ആർ എസ് എസിൻ്റെ ഇഷ്ടക്കാരനായ പ്രതിപക്ഷ നേതാവും രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് തളികയിൽ വച്ച് ബിജെപിക്ക് ദാനം ചെയ്ത അഖിലേന്ത്യാ സെക്രട്ടറിയും നേതൃത്വം കൊടുക്കുന്ന കോൺഗ്രസ്സിൽ അനായാസേനയുള്ള ഇത്തരം ലയനങ്ങൾ നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ബിജെപി അധികാരത്തിലെത്താൻ ബിജെപി തന്നെ ജയിക്കണമെന്നില്ല. അതിന് കോൺഗ്രസ് ജയിച്ചാലും മതിയെന്ന് മറ്റത്തൂർ മുതൽ കുമരകം വരെ തെളിയിക്കുന്നു.


