
തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി എം എം മണിയെ പിന്തുണച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങൾ മണിയുടെ പ്രസംഗം വളച്ചൊടിച്ചെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു . മണി പറയാത്ത കാര്യങ്ങളാണ് സമരക്കാർ ആരോപിക്കുന്നതെന്നും സമരത്തിന് ജനപിന്തുണയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു . മണി ഖേദം പ്രകടിപ്പിച്ചതിനാൽ ഇനി ചർച്ച വേണ്ടെന്നും സഭയുടെ വിലപ്പെട്ട സമയം കളയരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഇതേവിഷയത്തില്‍ മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തുന്നത്. മണിയുടെത് നാടന്‍ ഭാഷാപ്രയോഗമാണെന്നും ഇത് രാഷ്ട്രീയ എതിരാളികള്‍ പര്‍വ്വതീകരിച്ച് മുതലെടുക്കുകയാണെന്നുമായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞദിവസം സഭയില്‍ വ്യക്തമാക്കിയത്.
മറ്റ് വിവാദവിഷയങ്ങളിലും മുഖ്യമന്ത്രി ഇന്ന് സഭയില്‍ പ്രതികരിച്ചു. പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച് നീക്കിയത് ആലോചനയില്ലാതെയാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഏതെങ്കിലും മതവിശ്വാസത്തിന് എതിരല്ല സർക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞദിവസം കുരിശുപൊളിയെ എതിര്‍ത്ത് മുഖ്യമന്ത്രി സംസാരിച്ചിരുന്നു. മൂന്നാറിൽ സമരം ചെയ്യുന്നവർക്കെതിരെ അനാവശ്യ കേസെടുത്തിട്ടില്ലെന്നും ഗതാഗതവും പൊലീസിനേയും തടഞ്ഞതിനാണ് കേസെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .
അതേസമയം മണിയുടെ വിവാദപരാമര്‍ശത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. വി ഡി സതീശനാണ് നോട്ടീസ് നൽകിയത് . സർക്കാരിന്‍റേത് സ്ത്രീവിരുദ്ധ നിലപാടാണെന്നും മൂന്നാർ സമരം അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്നും വി ഡി സതീശന്‍ ആരോപിച്ചു. മണിയെ ബഹിഷ്കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. മണിയോട് ചോദ്യങ്ങള്‍ ചോദിക്കില്ലെന്നാണ് പ്രതിപക്ഷ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam