
തിരുവനന്തപുരം: പ്രീ സ്കൂളുകളുടെ പേരില്‍ സംസ്ഥാനത്ത് നടക്കുന്നത് വലിയ ചൂഷണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അടിയന്തരമായി ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലാരിവട്ടത്തെ ഡേ കെയര്‍ സ്ഥാപനത്തില്‍ പിഞ്ചു കുഞ്ഞിനുണ്ടായ അനുഭവം മറക്കാറായിട്ടില്ല. കേരളത്തിലാകെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന 40 ഡേ കെയറുകളെങ്കിലുമുണ്ടെന്നാണ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്.
ഇതടക്കം ആറ് വയസ്സിന് താഴെയുള്ള കുട്ടികളുടെ സംരക്ഷണവും പഠനവും നേരിടുന്ന പലവിധ പ്രശ്നങ്ങളാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ചത്. ശിശു സൗഹൃദമാകേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പലപ്പോഴും അങ്ങനെയല്ല. പ്രി സ്കൂളില്‍ ചേരാനെത്തുന്ന കുട്ടിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വരെ തലവരിവാങ്ങുന്ന സ്ഥാപനങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം എറണാകുളത്ത് പാലാരിവട്ടത്ത് നടന്ന ഡേകെയര്‍ പീഢനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ശിശുസംരക്ഷണ കേന്ദ്രങ്ങക്കുമുള്ള പ്രവര്‍ത്തന മാര്‍ഗ്ഗരേഖ അന്തിമഘട്ടത്തിലാണെന്നാണ് സാമൂഹിക ക്ഷേമ വകുപ്പ് പറയുന്നത്. ഡേ കെയറുകള്‍ മുതല്‍ അംഗനവാടികളും നേഴ്‌സറി സ്കൂളുകളും വരെ അംഗീകാരമുള്ളതും ഇല്ലാത്തതുമായ നാല്‍പതിനായിരം ശിശുവിദ്യാ കേന്ദ്രങ്ങള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്.
ഇവയുടെ പ്രവര്‍ത്തനം അടിസ്ഥാന സൗകര്യം പഠനാന്തരീക്ഷം സുരക്ഷ തുടങ്ങി ജീവനക്കാരുടെ മാനസിക നിലവാരം വരെ വിവിധ വശങ്ങള്‍ സമഗ്രമായി പഠിച്ചാണ് മാര്‍ഗ്ഗരേഖ ഒരുങ്ങുന്നത്. വിദഗ്ധ സമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം സാമൂഹ്യ സുരക്ഷാ വകുപ്പ് സര്‍ക്കാറിന് കൈമാറും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam