
തിരുവനന്തപുരം: പ്രളയ ദുരന്തത്തിന് കാരണം സര്‍ക്കാരിന്‍റെ പിടിപ്പുകേടാണെന്ന് ആവര്‍ത്തിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്നപരിഹാരത്തിനാണ് സര്‍ക്കാരിന് താല്‍പ്പര്യം. ജനങ്ങളാണ് വലുത്, ജനങ്ങളുടെ പ്രശ്നങ്ങളുമാണ് വലുത്. അവ പരിഹരിക്കാനുള്ള ഇടപെടലാണ് രാഷ്ട്രീയപാര്‍ടികളില്‍നിന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ അത്തരമൊരു യോജിപ്പ് ഉയര്‍ന്നുവന്നിട്ടുണ്ട്. അതാണ് നമ്മുടെ അതിജീവനത്തിന്‍റെ മാര്‍ഗം. അത് ദുര്‍ബലപ്പെടുത്താനുള്ള ഒരു ശ്രമത്തിനും നമുക്ക് വഴങ്ങിക്കൂടായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഒറ്റക്കെട്ടായി, ഒരേ മനസ്സോടെ നമുക്ക് മുന്നോട്ടുപോകാം. ഇത് തര്‍ക്കങ്ങളുടെ കാലമല്ല. മറിച്ച്, യോജിപ്പിന്‍റെയും കൂട്ടായ്മയുടെയും സമയമാണ്. അങ്ങനെ നിന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട ഘട്ടമാണ്. വിവാദങ്ങളില്‍ അഭിരമിക്കാനല്ല, ജനങ്ങളുടെ പ്രശ്നപരിഹാരങ്ങളിലാണ് സര്‍ക്കാരിന് താല്‍പ്പര്യം. നമ്മുടെ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിക്കേണ്ടത് ഇപ്പോള്‍ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനും പുനര്‍നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്.
അത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് ശ്രദ്ധ മാറി മറ്റ് തര്‍ക്കങ്ങളിലേക്ക് കടക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനേ സഹായിക്കൂ. നാം ഒറ്റക്കെട്ടായി നിന്ന് നേരിടേണ്ട ഒരു ദുരന്തമാണിത്. അത്തരത്തില്‍ ജനങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ ഇല്ലാത്ത പ്രശ്നങ്ങളുടെ പേരില്‍ ചര്‍ച്ചകള്‍ നടത്തി ഏകോപിച്ചുകൊണ്ടുള്ള നമ്മുടെ നീക്കങ്ങളെ ദുര്‍ബ്ബലപ്പെടുത്താതിരിക്കുക എന്നത് പ്രധാനമാണ്. ആ നിലയില്‍ മുന്നോട്ടുപോകണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും പിണറായി വ്യക്തമാക്കി. പ്രളയത്തിൻറെ ഉത്തരവാദിത്വത്തിൽ നിന്നും സർക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു. ചെറുതോണി ഒഴികെ മറ്റൊരു അണക്കെട്ടും തുറക്കും മുമ്പ് മുന്നറിയിപ്പ് നൽകിയില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിമർശനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam