ശബരിമല സ്ത്രീ പ്രവേശനം: ദേവസ്വം മന്ത്രിയെയും ബോര്‍ഡ് പ്രസിഡന്‍റിനെയും പരസ്യമായി തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി

By Web TeamFirst Published Dec 31, 2018, 12:03 PM IST
Highlights

ശബരിമലയിലേക്ക് വരരുത് എന്നു പറയാൻ ഒരു മന്ത്രിക്കും സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പത്മകുമാർ നടത്തിയ പരസ്യപ്രസ്താവനകളേയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം:  ശബരിമലയിലേക്ക് വരരുത് എന്നു പറയാൻ ഒരു മന്ത്രിക്കും സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മണ്ഡലക്കാലം അവസാനിക്കുന്നത് വരെ സ്ത്രീകൾ വരാതിരിക്കുന്നത് നല്ലതാണ് എന്ന ദേവസ്വം ബോർഡ് മന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരായി ദേവസ്വം ബോർഡ് പ്രസിഡന്റ്. എ.പത്മകുമാർ നടത്തിയ പരസ്യപ്രസ്താവനകളേയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല ദർശനത്തിനായി എത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം ഒരുക്കുക തന്നെ ചെയ്യും.

ശബരിമലയിൽ പോകണോ വേണ്ടയോ എന്നത് സ്ത്രീകൾ മാത്രം തീരുമാനിക്കേണ്ട കാര്യമാണ്. സ്ത്രീകളെ ശബരിമലയിൽ എത്തിക്കുക എന്നത് സർക്കാരിന്‍റെ അജണ്ടയല്ല. എന്നാൽ സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലേക്ക് എത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം കൊടുക്കേണ്ട  ചുമതല സർക്കാരിനുണ്ട്. അത് ഇതുവരെ ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും. പ്രശ്നങ്ങളുണ്ട് എന്നത് യാഥാർത്ഥ്യമാണ്, എന്നാൽ അതിൽ വേവലാതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല ദർശനത്തിന് എത്തിയ സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിലപാട് തന്നെയാണ് പൊലീസ് സ്വീകരിച്ചത്. എന്നാൽ സംഘർഷങ്ങളുടെ സാഹചര്യത്തിൽ മുന്നോട്ട് പോകുന്നില്ല എന്ന നിലപാട് ദർശനത്തിന് എത്തിയ ഭക്തകൾ തന്നയാണ് എടുത്തത്. മനിതി സംഘത്തിലെ സ്ത്രീകളെ പൊലീസ് നിർബന്ധിച്ച് മടക്കി അയച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മനിതി സംഘത്തിലെ സ്ത്രീകൾ തന്നെ കണ്ട് സംസാരിച്ചതായി അതിലൊരാൾ പറഞ്ഞുകേട്ടു. എന്നാൽ തന്നെ ആരും വന്ന് കണ്ടിരുന്നില്ല. പൊലീസ് നിർബന്ധിച്ച് മടക്കി അയച്ചു എന്നതും അവർ ഇത്തരത്തിൽ തന്നെ പറഞ്ഞതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭക്തരുടെ മറവിൽ വരുന്ന ക്രിമിനലുകളാണ് ശബരിമലയിൽ ദർശനത്തിന് എത്തുന്ന സ്ത്രീകളെ തടയുന്നത്. ആരാധനാ പരിസരത്തിൽ പൊലീസിന് ഇടപെടാനാകുന്നതിൽ ചില പരിമിതികളുണ്ട്. ശനി ശിഖ്നാപൂർ ക്ഷേത്രത്തിൽ സ്ത്രീപ്രവേശനം അനുവദിച്ചപ്പോൾ എതിർത്തവരെ തല്ലിയോടിച്ച് വിധി നടപ്പാക്കിയതുപോലെ ഒരു സമീപനം സർക്കാർ സ്വീകരിക്കുന്നില്ല എന്നാണ് വിമർശനം. ആ വിമ‍ർശനം ശരിയാണ്. പൊലീസ് ഇപ്പോൾ അങ്ങനെയൊരു നിലപാട് സ്വീകരിച്ചിട്ടില്ല. ശബരിമലയിൽ പൊലീസ് നടപടിയുണ്ടായാൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകും. ഭക്തർക്ക് പരുക്കുപറ്റുന്ന നില ഉണ്ടാകരുത്. ഈ സാഹചര്യമാണ് സംഘപരിവാർ മുതലാക്കാൻ ശ്രമിക്കുന്നത്.

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ സാഹചര്യത്തിൽ തന്നെയാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. എന്നാൽ ശബരിമലയിൽ സ്ത്രീകൾ പോകണമോ വേണ്ടയോ എന്നതല്ല വനിതാ മതിൽ ഉയർത്തുന്ന അടിസ്ഥാന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരായ എല്ലാ വേർതിരിവുകൾക്കും എതിരായ പ്രതിരോധം ആണ് വനിതാ മതിലെന്നും  അങ്ങനെ വിപുലമായൊരു ക്യാൻവാസിലാണ് വനിതാ മതിലിനെ കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

click me!