42 വർഷങ്ങൾക്ക് ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പിണറായി വിജയന്‍

By Web DeskFirst Published Jul 1, 2018, 2:15 PM IST
Highlights
  • ഒടുവിൽ ടി.പി കേസ് പ്രതി പി.കെ കുഞ്ഞനന്തനടക്കമുള്ളവരോട് യാത്ര പറഞ്ഞ് മടക്കം.

കണ്ണൂര്‍: എം.എൽ.എയായിരിക്കെ അടിയന്തിരാവസ്ഥക്കാലത്ത് തടവിൽക്കഴിഞ്ഞ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് പിണറായി വിജയൻ ഒരിക്കൽക്കൂടിയെത്തി. അർഹമായ പരോൾ പോലും നിഷേധിക്കപ്പെട്ട തടവുകാലത്തെക്കുറിച്ച് പരമാർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയായുള്ള രണ്ടാംവരവിൽ പിണറായിയുടെ പ്രസംഗം. തടവുകാർക്കായി വിവിധ പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധിയെന്ന നിലയിലുള്ള അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് കഴിഞ്ഞ ജയിലിലേക്ക് 42 വർഷങ്ങൾക്ക് ശേഷമാണ്  പിണറായി വിജയന്‍റെ തിരിച്ച് വരവ്. ഇത്തവണ പക്ഷേ സംസ്ഥാന മുഖ്യമന്ത്രിയായി, ജയിലിലെ പുതിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായിട്ടാണ്. 

ക്രൂരമർദനമേറ്റ തടവുകാലത്തെ തെളിവായ ചോരപുരണ്ട വസ്ത്രമുയർത്തിക്കാട്ടി പിന്നീട് നിയസഭയിൽ നടത്തിയ പ്രസംഗവും, അമ്മയെക്കാണാൻ പരോൾ അനുവദിക്കാനാവശ്യപ്പെട്ട് എഴുതിയ കത്തും ചരിത്രരേഖയാണ്. ഓർമ്മകൾ ഏറെയുണ്ടെങ്കിലും ഒന്നും പരാമർശിക്കാതെ പ്രസംഗം.

തടവുകാർക്കുള്ള പുതിയ കെട്ടിടം, കമ്പ്യൂട്ടർ സെന്‍റർ, വിപൂലീകരിച്ച ഓഫീസ്, ശുദ്ധജല പ്ലാന്‍റ്, പുതിയ ജയിൽ അടുക്കള എന്നിവയുടെ ഉദ്ഘാടനവും യോഗാ സെന്‍ററിന്‍റെയും പൊതുജനങ്ങൾക്കായുള്ള ജയിൽ ഭക്ഷണശാലയുടെ ശിലാ സ്ഥാപനവും മുഖ്യമന്ത്രി നടത്തി. ശേഷം അന്തേവാസികൾക്കായി മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെ നാല് വരിപ്പാട്ട്. ഇവിടെ തടവിൽ കഴിഞ്ഞവരിൽ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ മൂന്നാമത്തെയാളാണ് പിണറായി വിജയൻ. ഒടുവിൽ ടി.പി കേസ് പ്രതി പി.കെ കുഞ്ഞനന്തനടക്കമുള്ളവരോട് യാത്ര പറഞ്ഞ് മടക്കം.

click me!