കാസര്‍കോട് കൊലപാതകം ഹീനം; തെറ്റായ ഒന്നിനെയും പാര്‍ട്ടി ഏറ്റെടുക്കില്ലെന്ന് പിണറായി

By Web TeamFirst Published Feb 22, 2019, 11:48 AM IST
Highlights

നല്ലരീതിയിൽ പ്രവര്‍ത്തിക്കുന്ന ഇടത് മുന്നണിയേയും സിപിഎമ്മിനേയും അപകീര്‍ത്തിപ്പെടുത്താൻ അവസരം നൽകിയത് കാസര്‍കോട് നടന്ന ഹീനമായ കൊലപാതകമാണ്. ഒരു തരത്തിലും ന്യായീകരിക്കില്ല. തെറ്റായ ഒന്നിനെയും പാര്‍ട്ടി ഏറ്റെടുക്കില്ലെന്ന് പിണറായി വിജയൻ

കാസര്‍കോട്: നല്ലരീതിയിൽ പ്രവര്‍ത്തിക്കുന്ന ഇടത് മുന്നണിയേയും സിപിഎമ്മിനേയും അപകീര്‍ത്തിപ്പെടുത്താൻ അവസരം നൽകിയത് കാസര്‍കോട് നടന്ന ഹീനമായ കൊലപാതകമാണ്. ഒരു തരത്തിലും ന്യായീകരിക്കില്ല. തെറ്റായ ഒന്നിനെയും പാര്‍ട്ടി ഏറ്റെടുക്കില്ല. അതുകൊണ്ടു തന്നെയാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൊലപാതകത്തെ തള്ളി പറഞ്ഞത്. പ്രതികൾക്ക് യാതൊരു പരിരക്ഷയും സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ല. ഹീനമായ കുറ്റകൃത്യത്തിന് ശക്തമായ നടപടി തന്നെ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകും. അതിനുള്ള നിര്‍ദ്ദേശം പൊലീസിന് നൽകിയിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.


കാസര്‍കോട് കൊലപാതകത്തിന് പിന്നാലെ സിപിഎമ്മിനെതിരെയും പലതരം ആക്രമണങ്ങളുണ്ടായി. ഒന്നിനേയും ആരും തള്ളിപ്പറയുന്നത് കേട്ടില്ല. പ്രോത്സാഹിപ്പിച്ചാലും സംരക്ഷിച്ചാലും ശരി സിപിഎമ്മിനെതിരായ അക്രമങ്ങളെയും കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകും. ഇതിനുള്ള നിര്‍ദ്ദേശം പൊലീസിന് നൽകിയിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.കാസര്‍കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാ സ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പിണറായി.

സിപിഎം രാജ്യത്ത് ഏറ്റവും കൂടുതൽ ആക്രമണം നേരിടുന്ന ഘട്ടമാണ്. സിപിഎമ്മിനെ ഇത്തരത്തിൽ ആക്രമിക്കുന്നത് ഇടത് പക്ഷത്തിന് നേരെയുള്ള ആക്രമണത്തിന്റെ ഭാഗമാണ്. ഇടത് പക്ഷത്ത് കരുത്തുറ്റ പാര്‍ട്ടി സിപിഎമ്മാണ്.  സിപിഎം കരുത്തുറ്റതായാൽ ഇടത് പക്ഷം ശക്തിപ്പെടും. പ്രതിലോമ ശക്തികൾ ഇത് കൃത്യമായി തിരിച്ചറിയുന്നുണ്ട്. 
സിപിഎമ്മിനെ തകര്‍ക്കാനാണ് തൃപുരയിലടക്കം കോൺഗ്രസ് നിലപാട് സ്വീകരിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു. തനി വര്‍ഗീയത പ്രചരിപ്പിക്കുന്ന ആര്‍എസ്എസിനോടു പോലും മത്സരിക്കും വിധമാണ് കോൺഗ്രസ് ഇടത് മുന്നണിക്കെതിരായ കടന്നാക്രമണം നടത്തുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

 കൊല്ലപ്പെട്ടവരുടെ വീടുകൾ മുഖ്യമന്ത്രി സന്ദര്‍ശിക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു

click me!