
തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ നേരിട്ട് പങ്കെടുത്ത് സംഘടനയുടെ സ്ഥാപകന്‍ കെബി ഹെഡ്‌ഗേവാറിനെ പ്രശംസിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. റിപ്പബ്ലിക് ഇന്ത്യയുടെ തലവനായി സേവനമനുഷ്ഠിച്ചിട്ടുള്ള പ്രണബ് മുഖര്‍ജി ആര്‍എസ്എസ് സ്ഥാപകനെ പ്രശംസിച്ചുവെന്നത് മതനിരപേക്ഷതയെ നെഞ്ചോടുചേര്‍ത്തു പിടിക്കുന്ന മുഴുവന്‍ ദേശാഭിമാനികള്‍ക്കും താങ്ങാനാവാത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍
ആര്‍.എസ്.എസ് സ്ഥാപകനായ കെ.ബി. ഹെഗ്ഡെവാറിനെ ആര്‍.എസ്.എസ് ആസ്ഥാനത്ത് ചെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രശംസിച്ചുവെന്നത് മതനിരപേക്ഷതയെ നെഞ്ചോടുചേര്‍ത്തുപിടിക്കുന്ന മുഴുവന്‍ ദേശാഭിമാനികള്‍ക്കും താങ്ങാനാവാത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഭരണഘടനയുടെ പ്രിയാമ്പിളില്‍ തന്നെ മതേതരം എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള റിപ്പബ്ലിക്കാണ് ഇന്ത്യ. അങ്ങനെയുള്ള റിപ്പബ്ലിക്കിന്‍റെ തലവനായിരുന്നു കുറച്ചു കാലം മുമ്പ് വരെ പ്രണബ് മുഖര്‍ജി. മതനിരപേക്ഷത അടക്കമുള്ള ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഭരണഘടനാപരമായി തന്നെ ചുമതലപ്പെട്ട സ്ഥാനത്തിരുന്ന ഒരു വ്യക്തിയില്‍ നിന്നാണ് കൃത്യമായും വര്‍ഗീയ ഛിദ്രീകരണത്തിന്‍റെയും മത വിദ്വേഷ പ്രചാരണത്തിന്‍റെയും പ്രസ്ഥാനത്തെ സ്ഥാപിച്ച ഒരു വ്യക്തിയെക്കുറിച്ചുള്ള പ്രകീര്‍ത്തിക്കലുണ്ടായത് എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇന്ത്യന്‍ ദേശീയതയ്ക്കുമേല്‍ പതിഞ്ഞ മായ്ക്കാനാകാത്ത കളങ്കമാണ്.
ജനാധിപത്യത്തെയോ മറ്റോ കുറിച്ചുള്ള എന്തെങ്കിലും പരിപാടിയില്‍ പങ്കെടുക്കാനല്ല, മറിച്ച് 3 വര്‍ഷത്തെ ആര്‍.എസ്.എസ് പരിശീലനം കഴിഞ്ഞിറങ്ങിയവരുടെ പരേഡിനെ അഭിവാദ്യം ചെയ്യാനാണ് ഈ മുന്‍ രാഷ്ട്രപതി പോയത്. ഈ സന്ദര്‍ശനം തന്നെ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. സന്ദര്‍ശനവും സന്ദര്‍ശക പുസ്തകത്തിലെ മുന്‍ രാഷ്ട്രപതിയുടെ കുറിപ്പും മനുഷ്യത്വരഹിതമായ പ്രവൃത്തികളില്‍ തുടര്‍ന്നുവ്യാപരിക്കുന്ന സംഘപരിവാറിന് മാന്യത ചാര്‍ത്തിക്കൊടുക്കുന്ന ശ്രമമായേ കാണാനാവൂ.
രാഷ്ട്രപതിഭവനില്‍ നിന്ന് ക്രിസ്തുമസ് കരോള്‍, ഇഫ്താര്‍ എന്നിവയെ പുറത്താക്കിയ പുതിയ രാഷ്ട്രീയ പശ്ചാത്തലത്തിലും കൂട്ടത്തോടെ കോണ്‍ഗ്രസ്സുകാര്‍ ബിജെപിയിലേക്ക് പോകുന്ന സാഹചര്യത്തിലും പ്രണബ് മുഖര്‍ജിയുടെ ഈ പ്രകീര്‍ത്തനവും വെള്ളപൂശലും ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ പ്രയത്നിക്കുന്ന ശക്തികളെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമേ ഉതകൂ. പ്രണബ് മുഖര്‍ജിയുടെ ഇന്നത്തെ സന്ദര്‍ശനവും നിലപാടും ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനത്തിന്‍റെ ശോഭയെ കെടുത്തുന്ന രാഷ്ട്രീയപ്രേരിത നീക്കമായേ കാണാനാവൂ. അതിനാല്‍ അതിനെ ശക്തമായി അപലപിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam