കേരളത്തിന് ഭീഷണിയായി മലയോരമേഖലയിലെ പൈപ്പിം​ഗ് പ്രതിഭാസം

By Web TeamFirst Published Aug 26, 2018, 1:48 PM IST
Highlights

കനത്ത മഴയിൽ വെള്ളം നിറഞ്ഞും അല്ലാതെയും, ഭൂമിക്കടിയിൽ നീർച്ചാലുകളും തുരങ്കങ്ങളും രൂപപ്പെടും. വെള്ളപ്പാച്ചിലിൽ മേൽഭാഗം ഇടിഞ്ഞ്താഴും. ഇതാണ് പൈപ്പിം​ഗ് പ്രതിഭാസത്തിന്റെ ചുരുക്കം.  ഈ മേഖലകളിൽ വീടുകളും നിർമ്മാണ പ്രവർത്തനങ്ങളും അപടകടകരമാണ്.

കോഴിക്കോട്: പ്രളയത്തിനും ഉരുൾപൊട്ടലിനുമൊപ്പം മറനീക്കി പുറത്തുവന്നത് മലയോര മേഖലയിലടക്കം ഭൂമിക്കടിയിലെ പൈപ്പിം​ഗ്പ്രതിഭാസത്തിന്റെ രൂക്ഷത കൂടിയാണ്.  നീരവധി വീടുകൾ മണ്ണിടിഞ്ഞു താഴ്ന്നതിന് പുറമെ, കിലോമീറ്ററുകൾ നീളത്തിൽ റോഡുകളും കൃഷിയിടങ്ങളും വിണ്ടുകീറി.  നിലവിൽ താമസിക്കുന്നവർക്ക് വീടുകളിൽ തുടരാനും നിർമ്മാണ പ്രവർത്തികൾക്കും വിദഗ്ദ പഠനങ്ങൾ ആവശ്യമായി വരും.

കനത്ത മഴയിൽ വെള്ളം നിറഞ്ഞും അല്ലാതെയും, ഭൂമിക്കടിയിൽ നീർച്ചാലുകളും തുരങ്കങ്ങളും രൂപപ്പെടും.  വെള്ളപ്പാച്ചിലിൽ മേൽഭാഗം ഇടിഞ്ഞ്താഴും. ഇതാണ് പൈപ്പിം​ഗ് പ്രതിഭാസത്തിന്റെ ചുരുക്കം.  ഈ മേഖലകളിൽ വീടുകളും നിർമ്മാണ പ്രവർത്തനങ്ങളും അപടകടകരമാണ്. ഇനി കനത്ത മഴക്കൊപ്പം വീടുകളും കൃഷിയിടങ്ങളും വിണ്ടുകീറി ഭീതിപരന്ന കേളകം പഞ്ചായത്തിലെ ശാന്തിഗിരിയിൽ ഭൗമശാസ്ത്ര സംഘം നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിൽ ഇതു പറയുന്നുണ്ട്. 

മലയോര മേഖലയായ കേളകത്തെ ശാന്തിഗിരിയുൾപ്പടെ നെടുംപൊയിൽ, അടയ്ക്കാത്തോട് മേഖലകളിൽ പൈപ്പിങ് പ്രതിഭാസവും ഉരുൾപൊട്ടൽ സാധ്യതയുമുള്ള സ്ഥലങ്ങളെക്കുറിച്ച് വ്യക്തമായി റിപ്പോർട്ടിലുണ്ട്. ഇതിൽ, കൂടിയ അപകടസാധ്യതയുള്ള ലിസ്റ്റിലാണ് ശാന്തിഗിരി ഉൾപ്പെടുന്നത്.  കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ അപകട സാധ്യതാ പ്രദേശങ്ങളെ കുറിച്ചും റിപ്പോർട്ടിൽ പറയുന്നു.  പക്ഷെ കണ്ണൂരിലടക്കം, വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന റിപ്പോർട്ട് ജനത്തെ ആരും അറിയിച്ചില്ല.  

ഈ മേഖലകളിൽ വീടു വെച്ചവരാകട്ടെ പ്രതിസന്ധിയലുമായി. ഉരുൾപൊട്ടലിന് പിന്നാലെ ഭൂമി വിണ്ടുകീറി ആശങ്ക വർധിച്ചതോടെ മറ്റെവിടെയെങ്കിലും വീടോ സ്ഥലമോ നൽകാനാണ് ഇപ്പോൾ ഇവർ സർക്കാരിനോട് ആവശ്യപ്പെടുന്നത്. അപകട സാധ്യതാ പ്രദേശമായിട്ടും ഇത്തരം പ്രദേശങ്ങൾക്കടുത്ത് ക്വാറികൾ നിരവധിയുണ്ട് താനും. ശാന്തിഗിരിയിലേതിന് സമാനമായി കൊട്ടിയൂർ നെല്ലിയോടിയിലും, ഇടുക്കി നെടുങ്കണ്ടം മാവടിയിലും, ചെറുതോണി വിമലഗിരിയിലും ഭൂമിയും കിണറുകളും ഇടിഞ്ഞു താണു. വിണ്ടുകീറി. ചെറുതോണിയിൽ വീടിന്റെ ഒന്നാംനില പാടെ മണ്ണിനടിയിലായി.  

അപകട സാധ്യത കൂടി പ്രദേശങ്ങളിൽ ഒരു നിർമ്മാണ പ്രവർത്തനവും പാടില്ലെന്നാണ് പ്രധാന നിർദേശം.  ഒഴിച്ച് കൂടാനാകാത്ത സാഹചര്യത്തിൽ മാത്രം അപകട സാധ്യത കുറഞ്ഞ സ്ഥലങ്ങളിൽ പൊതു-സ്വകാര്യ ആവശ്യങ്ങൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച ശേഷം മാത്രം കർശന നിയന്ത്രണങ്ങളോടെ നിർമ്മാണം ആകാമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ.  ഇതിനായി വിശദമായ പഠനങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം.
 

click me!