
പിറവം: ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ 12കാരിയുടെ കണ്ണിന്റെ നില ഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കുട്ടിക്ക് വിദഗ്ധ ചികിത്സ അത്യാവശ്യമാണ്. വീട്ടമ്മക്കും കുട്ടികൾക്കും നേരെ ആക്രമണം നടത്തിയ ആളെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു.
സ്വന്തം കുട്ടിയുടെ അച്ഛനിൽ നിന്നാണ് പാമ്പാക്കുട നെയ്ത്തുശാലപ്പടി മുട്ടമലയിൽ സ്മിതക്കും കുട്ടികൾക്കും ഈ ആക്രമണമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു ആസിഡ് ആക്രമണം. മൂന്നാമത്തെ മകൾ സ്മിനയുടെ കണ്ണിലെ കൃഷ്ണമണിയിൽ ആസിഡ് വീണു. ആദ്യ ഭർത്താവ് മരിച്ച സ്മിത ബന്ധുക്കളുടെ നിർബന്ധപ്രകാരമാണ് നെയ്ത്തുശാലപ്പടി സ്വദേശി എം ടി റെനിയുമൊത്ത് ജീവിക്കാൻ തുടങ്ങിയത്. ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്.
ഒറ്റമുറി വാടകക്കെട്ടിടത്തിൽ താമസിച്ചിരുന്ന സ്മിതക്കും കുടുംബത്തിനും നാട്ടുകാരുടെ ശ്രമഫലമായി വീട് നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിൽ താല്‍പര്യമില്ലാതിരുന്ന റെനി പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നുവെന്നാണ് സ്മിത പറയുന്നത്. സംഭവദിവസം പകൽ ഇവർ താമസിക്കുന്ന വാടകവീട്ടിന് ഇയാള്‍ തീവെച്ചു. അതിന് ശേഷമായിരുന്നു ആസിഡ് ആക്രമണം.
എല്ലാവർക്കും മുഖത്തുൾപ്പടെ പൊള്ളലേറ്റു. കുട്ടികളുടെ ചികിത്സക്കും വീട് നിർമ്മാണത്തിനുമായി സ്മിത ബുദ്ധിമുട്ടുകയാണ്. ഇവർക്ക് താല്‍ക്കാലികമായ താമസിക്കാൻ വീടൊരുക്കിയിട്ടുണ്ടെന്നും കുട്ടിയുടെ ചികിത്സക്ക് ക്രമീകരണം എർപ്പെടുത്തിയിട്ടുണ്ടെന്നും അനൂപ് ജേക്കബ് എംഎൽഎ അറിയിച്ചു. നെയ്ത്തുശാലപ്പടി സ്വദേശി എം ടി റെനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam