
പാലക്കാട്: ഡിവെെഎഫ്ഐ നേതാവിന്‍റെ പീഡന പരാതിയില്‍ സിപിഎം ആറ് മാസം സസ്പെന്‍ഷന്‍ നല്‍കിയ പി കെ ശശി എംഎല്‍എ സംഘടനാ നടപടിക്ക് ശേഷവും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വേദികളില്‍ സജീവം. സിപിഎം ജില്ലാ സെക്രട്ടറിയും സംഘടനാ നടപടി നേരിട്ട പി കെ ശശിയുമായി വേദി പങ്കിട്ടു.
ചെർപ‍്ലശ്ശേരി സഹകരണ ആശുപത്രിയുടെ ആഘോഷ പരിപാടിക്കാണ് സിപിഎം ജില്ലാ നേതാക്കൾക്കൊപ്പം ശശിയും പങ്കെടുത്തത്. ശശി പങ്കെടുക്കുന്നതിനാൽ ഒരു വിഭാഗം നേതാക്കൾ പരിപാടിയിൽ നിന്ന് വിട്ടുനിന്നു. പീഡനപരാതിയിൽ ഉചിമായ അന്വേഷണം നടന്നില്ലെന്ന പരാതിക്കാരിയുടെ ആക്ഷേപം നിലനിൽക്കെയാണ് സിപിഎം വേദികളിൽ പി കെ ശശി എംഎൽഎ വീണ്ടും സജീവമാകുന്നത്.
സിപിഎം നിയന്ത്രണത്തിലുളള സഹകരണ ആശുപത്രിയുടെ ഭരണ സമിതി സംഘടിപ്പിച്ച പരിപാടിയിലാണ് ജില്ലാ സെക്രട്ടറി ഉൾപെടെയുളള നേതാക്കൾക്കൊപ്പം പി കെ ശശിയും പങ്കെടുത്തത്. ഭരണസമിതിയിൽ നിലവിൽ ഔദ്യോഗിക സ്ഥാനമൊന്നുമില്ലാത്ത ശശിയെ പങ്കെടുപ്പിച്ചതിനെതിരെ ഒരു വിഭാഗം നേതാക്കൾ എതിർപ്പുന്നയിച്ചിരുന്നു.
ആശുപത്രിയുടെ സ്ഥാപക ചെയർമാനും നിലവിലെ ഡയറക്ടറുമായ ജില്ലാ കമ്മിറ്റി അംഗം പരിപാടിയിൽ നിന്ന് വിട്ടുനിന്നു. സ്ഥലത്തുണ്ടായിരുന്നിട്ടും സിപിഎം ചെർപ്ലശ്ശേരി ഏരിയാ സെക്രട്ടറിയും പരിപാടിക്കെത്തിയിരുന്നില്ല. മുൻകൂട്ടി നിശ്ചയിച്ച മറ്റ് പരിപാടിക്ക് ശശിക്ക് പോകാമെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാൽ, നടപടിക്ക് വിധേയനായ ശശിയുമായി വേദി പങ്കിട്ടതിലെ അമർഷം ഈ നേതാക്കളുൾപ്പെടെയുളള പ്രവർത്തകർ ജില്ലാ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. സ്ഥലം എംഎൽഎ എന്ന നിലക്ക് മാത്രമാണ് ശശിയുമായി വേദി പങ്കിട്ടതെന്നും ഇതിനെ സംഘടനാ നടപടിയുമായി കൂട്ടിക്കുഴയ്‍ക്കേണ്ടെന്നും ജില്ലാ നേതൃത്വം വിശദീകരിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam