
പാലക്കാട്: സിപിഎം കാൽനട പ്രചരണ ജാഥക്യാപ്റ്റനായി തീരുമാനിച്ചതിൽ പ്രതിഷേധം നിലനിൽക്കേ, മുന്നൊരുക്ക യോഗങ്ങളിൽ സജീവമായി പി.കെ ശശി എംഎൽഎ. ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റിയോഗത്തിലും തുടർന്ന് നടന്ന ഷൊറണൂർ മണ്ഡലം പ്രതിനിധികളുടെ യോഗത്തിലും ശശി പങ്കെടുത്തു. ശശിയെ ജാഥാ ക്യാപ്റ്റനാക്കരുതെന്ന് സിപിഎം ജില്ലാകമ്മിറ്റിയിൽ ഒരുവിഭാഗം പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു
അടുത്തമാസം 21ന് നടക്കുന്ന സിപിഎം കാൽനടപ്രചരണ ജാഥയുടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായിരുന്നു ഷൊര്‍ണൂർ മണ്ഡലത്തിലെ പ്രതിനിധികളുടെ യോഗം ചേർന്നത്. നേരത്തെ പി.കെ ശശിക്കെതിരെ നിലപാടെടുത്ത എം.ആർ മുരളി ഉൾപ്പെടെയുളളവർ യോഗത്തിനെത്തി. ജാഥാക്യാപ്റ്റനെ ചൊല്ലി യോഗത്തിൽ എതിർ സ്വരമുയർന്നെങ്കിലും ചർച്ച ചെയ്യേണ്ട വേദിയല്ലെന്നായിരുന്നു നേതാക്കളുടെ നിലപാട്. ശശിയെ ജാഥാ ക്യാപ്റ്റനാക്കിയ തീരുമാനത്തിനെതിരെ തിങ്കളാഴ്ച നടന്ന ജില്ലാ കമ്മറ്റിയോഗത്തിലും വിമർശനമുയർന്നിരുന്നു.
അതിന് തൊട്ടടുത്ത ദിവസമാണ് എതിർപ്പുകൾ വകവയ്ക്കാതെ, ആലോചനയോഗത്തിന് പി.കെ ശശി എത്തിയത്. ഇതിന് തൊട്ടുമുമ്പ് നടന്ന ചെർപ്ലശ്ശേരി ഏരിയ കമ്മറ്റിയോഗത്തിലും പി.കെ ശശിയുണ്ടായിരുന്നു. ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പരാതിക്ക് ശേഷം ശശി പങ്കെടുക്കുന്ന ഏരിയ കമ്മിറ്റി യോഗം കൂടിയായിരുന്നു. നേരത്തെ പികെ ശശിയോടുളള എതിർപ്പ് പ്രകടിപ്പിച്ച് വിട്ടുനിന്ന ഭൂരിഭാഗം അംഗങ്ങളും യോഗത്തിനെത്തി. ഈ ആഴ്ച തന്നെ പരാതിയിൽ അന്വേഷണം നടത്തുന്ന മന്ത്രി എ.കെ. ബാലനുമായും ശശി വേദി പങ്കിടുന്നുണ്ട്. ആരോപണ വിധേയനും അന്വേഷണ കമ്മീഷൻ അംഗവും വേദി പങ്കിടുന്നതിനെതിരെ ജില്ലാ കമ്മിറ്റിയിൽ തന്നെ നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam