Latest Videos

മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി

By Web DeskFirst Published Feb 15, 2018, 10:09 PM IST
Highlights

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍. വൈദ്യുതി ബന്ധം നിലച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മൊബൈല്‍ ഫോണിന്‍റെ വെളിച്ചത്തില്‍ ശസ്ത്രക്രിയ നടത്തേണ്ടിവന്നത്.

പ്ലാസ്റ്റിക് സര്‍ജറി നടത്തുന്നതിനിടെയില്‍ ശസ്ത്രക്രിയ മോശയ്ക്ക് മുകളിലുള്ള വെളിച്ചം നഷ്ടപ്പെട്ടതോടെ ഡോക്ടറുടെ കൈവശമുള്ള മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ ശസ്ത്രക്രിയ തുടരുകയായിരുന്നു. രണ്ട് നഴ്സുമാരും ഒരു സഹായിയും ചേര്‍ന്നാണ് ഡോക്ടര്‍ക്ക് മൊബൈല്‍ വെളിച്ചം നല്‍കിയത്. ശസ്ത്രക്രിയ മുറിയില്‍ എല്ലാ സമയവും വൈദ്യുതി ലഭ്യമാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായതെന്ന് അറിയില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. രാജനായക് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നായയുടെ കടിയേറ്റ് മൂക്കിന് കാര്യമായ പരിക്കേറ്റ രോഗിയുടെ പരിക്ക് ഭേദമാക്കാനാണ് ശസ്ത്രക്രിയ നടത്തിയത്. പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സുനിതയാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. വൈദ്യുതി നിലച്ചെങ്കിലും സാഹചര്യത്തെ സമചിത്തതയോടെ നേരിട്ട ഡോക്ടര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി വൈദ്യുതി നിലച്ചതാണ് ഓപ്പറേഷന്‍ തീയേറ്ററിലെ വൈദ്യുതി ബന്ധവും നിലയ്ക്കാന്‍ കാരണമായത്. 

click me!