യുഎഇയിൽ പോയത് യാചിക്കാനല്ല; കേന്ദ്രത്തിന്‍റേത് മുട്ടാപ്പോക്ക് നയമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Oct 22, 2018, 1:12 PM IST
Highlights

എന്തടിസ്ഥാനത്തിലാണ് മന്ത്രിമാർക്ക് വിദേശസന്ദർശനത്തിന് അനുമതി നിഷേധിച്ചതെന്ന് മനസ്സിലാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യം അനുമതി നൽകുന്നെന്ന് പറഞ്ഞ പ്രധാനമന്ത്രി പിന്നീട് ചുവട് മാറ്റി. കേന്ദ്രത്തിന്‍റേത് മുട്ടാപ്പോക്ക് നിലപാടാണെന്നും യാചിയ്ക്കാനല്ല യുഎഇയിൽ പോയതെന്നും പിണറായി വിജയൻ പറഞ്ഞു.

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിന് വിദേശസന്ദർശനം നടത്താനൊരുങ്ങിയ മന്ത്രിമാരെ തടഞ്ഞതിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്തടിസ്ഥാനത്തിലാണ് മന്ത്രിമാരെ തടഞ്ഞതെന്ന് മനസ്സിലാകുന്നില്ല. തടസ്സങ്ങളുണ്ടാകരുതെന്ന് കരുതി നേരത്തേ തന്നെ പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചതാണ്. ആദ്യം പ്രോത്സാഹജനകമായി പ്രതികരിച്ച പ്രധാനമന്ത്രി പിന്നീട് നിലപാട് മാറ്റിയത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
'വിദേശത്തേയ്ക്ക് പോകാൻ മുഖ്യമന്ത്രിയ്ക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ അനുമതി വേണ്ടത്. ഇതനുസരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചു. അനുമതിയും കിട്ടി. കഴിഞ്ഞ ബുധനാഴ്ച യുഎഇയ്ക്ക് പുറപ്പെടുന്നത് വരെ മറ്റ് മന്ത്രിമാർക്കും സന്ദർശനാനുമതി കിട്ടുമെന്ന് കരുതി കാത്തിരുന്നു. തുടർച്ചയായി ചീഫ് സെക്രട്ടറി കേന്ദ്രസർക്കാരിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ചില ഉന്നത ഉദ്യോഗസ്ഥർ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഫോണെടുക്കാതായി.' മുഖ്യമന്ത്രി പറ‌ഞ്ഞു.
 
'മുട്ടാപ്പോക്ക് നയമാണ് കേന്ദ്രസർക്കാരിന്‍റേത്. സംസ്ഥാനത്തോട് കേന്ദ്രസർക്കാരിന് ഒരു പ്രത്യേക നിലപാടുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. കേന്ദ്രം സംസ്ഥാനത്തിനെതിരായി നീക്കം നടത്തുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യവിശ്വാസികൾ ഈ നീക്കത്തിനെതിരെ പ്രതികരിക്കണം. ഒരു സംസ്ഥാനത്തിന്‍റെ വികസനത്തിന് തടസ്സം നിൽക്കില്ലെന്നായിരുന്നു പ്രതീക്ഷ. ഇപ്പോൾ പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങൾ പോലും നടപ്പാകുന്നില്ലെന്ന സ്ഥിതിയാണ്': മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
 
യുഎഇയിൽ പോയത് യാചിയ്ക്കാനല്ലെന്നും, മലയാളി സഹോദരങ്ങളെ കാണാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പുനർനിർമാണത്തിന് പരമാവധി സഹായം തേടുക എന്നതായിരുന്നു ലക്ഷ്യം.
 
കേരള പുനർനിർമാണത്തിനായി സംസ്ഥാനസർക്കാർ രൂപീകരിച്ച ഉപദേശകസമിതിയുടെ ആദ്യയോഗം ഇന്ന് രാവിലെ തിരുവനന്തപുരത്ത് ചേർന്നിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. പ്രതിപക്ഷനേതാവ് രമേശ് യോഗത്തിൽ പങ്കെടുത്തപ്പോൾ, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം യോഗത്തിനെത്തിയില്ല.
click me!