പ്രധാനമന്ത്രിയുടെ വാക്കുകള്‍ രാജ്യസഭ രേഖയില്‍ നിന്നും നീക്കം ചെയ്തു

By Web TeamFirst Published Aug 10, 2018, 8:03 PM IST
Highlights

കോണ്‍ഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദിനെക്കുറിച്ചു മോദി നടത്തിയ പരാമര്‍ശമാണ് സഭ അദ്ധ്യക്ഷന്‍ നീക്കം ചെയ്തത്. പ്രധാനമന്ത്രിയുടെ സഭയിലെ പരാമര്‍ശം സഭ രേഖയില്‍ നിന്നും നീക്കം ചെയ്യുന്നത് അപൂര്‍വ്വമായ സംഭവമാണ്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍ നടത്തിയ പരാമര്‍ശം സഭരേഖയില്‍ നിന്നും നീക്കം ചെയ്തു. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ച കോണ്‍ഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദിനെക്കുറിച്ചു മോദി നടത്തിയ പരാമര്‍ശമാണ് സഭ അദ്ധ്യക്ഷന്‍ നീക്കം ചെയ്തത്. പ്രധാനമന്ത്രിയുടെ സഭയിലെ പരാമര്‍ശം സഭ രേഖയില്‍ നിന്നും നീക്കം ചെയ്യുന്നത് അപൂര്‍വ്വമായ സംഭവമാണ്.

തിരഞ്ഞെടുപ്പില്‍ വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ഥി ഹരിവംശിനെ അഭിനന്ദിച്ചു പ്രസംഗിക്കുന്നതിനിടെയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയുടെ  ചുരുക്കപ്പേര്‍ ഉദ്ധരിച്ചു മോദി പരാമര്‍ശങ്ങള്‍ നടത്തിയത്. തൊട്ടുപിന്നാലെ മോദി ഹരിപ്രസാദിനെ പ്രശംസിച്ചു സംസാരിക്കുകയും ചെയ്തു.   പ്രധാനമന്ത്രിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണെന്ന് ആര്‍ജെഡി എംപി മനോജ് കുമാര്‍ ഝായാണു ചട്ടം 238 പ്രകാരം ചൂണ്ടിക്കാട്ടിയത്. 

പരിശോധിച്ചു നടപടി സ്വീകരിക്കാമെന്നു സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു വ്യക്തമാക്കി. പിന്നീടു മോദിയുടെ പരാമര്‍ശം രേഖകളില്‍നിന്നു നീക്കിയതായി രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയുടെ അന്തസ് കളങ്കപ്പെടുത്തിയെന്ന് ബി.കെ. ഹരിപ്രസാദ് പ്രതികരിച്ചു. എല്ലാവര്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെങ്കിലും അതു പരിധി വിടരുതെന്നും തൂരൂര്‍ അഭിപ്രായപ്പെട്ടു. 

2013ല്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ ചില പരാമര്‍ശങ്ങളും സഭാ രേഖകളില്‍നിന്നു നീക്കം ചെയ്തിട്ടുണ്ട്. പാര്‍ലമെന്റില്‍ മന്‍മോഹന്‍ സിങും അരുണ്‍ ജയ്റ്റ്‌ലിയും തമ്മിലുണ്ടായ വാക്കേറ്റത്തില്‍ ഉണ്ടായ ചില വാക്കുകളാണ് അന്ന് രേഖകളില്‍നിന്നു നീക്കം ചെയ്തത്.

click me!