'ഭാരത് മാതാ കീ ജയ് മാറ്റാം, പകരം അനില്‍ അംബാനി കീ ജയ്'; മോദിക്കെതിരെ രാഹുൽ ഗാന്ധി

By Web TeamFirst Published Dec 4, 2018, 5:11 PM IST
Highlights

വേദികളിൽ പ്രസംഗിക്കുന്നതിന് മുമ്പ് മോദി ഭാരത് മാതാ കീ ജയ് എന്നായിരിക്കും അഭിസംബോധന ചെയ്യുന്നത്. പക്ഷേ, അനിൽ അംബാനിക്ക് വേണ്ടിയാണ് അദ്ദേഹം പണിയെടുക്കുന്നത്. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭാരത് മാതാ കീ ജയ് വിളിച്ച് ജനങ്ങളോട് സംസാരിക്കുന്നതിന് പകരം അനില്‍ അംബാനി കീ ജയ് എന്ന് വിളിക്കാൻ രാഹുൽ മോദിയോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ അൽവാറിൽ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചത്.

'വേദികളിൽ പ്രസംഗിക്കുന്നതിന് മുമ്പ് മോദി ഭാരത് മാതാ കീ ജയ് എന്നായിരിക്കും അഭിസംബോധന ചെയ്യുന്നത്. പക്ഷേ, അനിൽ അംബാനിക്ക് വേണ്ടിയാണ് അദ്ദേഹം പണിയെടുക്കുന്നത്. അതു കൊണ്ട്  അനില്‍ അംബാനി കീ ജയ് എന്നോ നീരവ് മോദി കീ ജയ് എന്നോ വിളിക്കുന്നതായിരിക്കും നല്ലതെന്ന്'- രാഹുല്‍ പറഞ്ഞു. മോദി തന്റെ  പ്രസംഗങ്ങളിൽ റഫാൽ വിഷയത്തെ കുറിച്ച് ഒന്നും പറയാറില്ലെന്നും അക്കാര്യത്തെ പറ്റി എന്തെങ്കിലും പറഞ്ഞാൽ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനങ്ങള്‍ വിളിച്ചു പറയുമെന്ന ഭയമാണെന്നും രാഹുൽ ആരോപിച്ചു.

രണ്ട് കോടി യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന വാഗ്ദാനം നൽകിയാണ് മോദി സർക്കാർ അധികാരത്തിലെത്തിയത്. ആ വാഗ്ദാനം അദ്ദേഹം പാലിച്ചിരുന്നുവെങ്കിൽ കഴിഞ്ഞ ദിവസം എന്തിനാണ് നാല് യുവാക്കള്‍ ആത്മഹത്യ ചെയ്തതെന്ന് പ്രധാനമന്ത്രി മറുപടി പറയണം.  കഴിഞ്ഞ ദിവസം അൽവാറിൽ നാല് യുവാക്കൾ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. പിന്നീട് അവരുടെ ആത്മഹത്യക്ക് കാരണം തൊഴിലില്ലായ്മയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുലിന്‍റെ വിമര്‍ശനം. 

click me!