ബംഗ്ലാദേശില്‍ വീണ്ടും ഷെയ്ഖ് ഹസീന യുഗം; തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് പ്രതിപക്ഷം

By Web TeamFirst Published Dec 31, 2018, 4:09 PM IST
Highlights

പ്രതിപക്ഷത്തെ കരുത്തരായ നേതാക്കളുടെ അഭാവത്തില്‍ നടന്ന ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ് നിലവിലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നേതൃത്വം നല്‍കുന്ന മുന്നണി വീണ്ടും തൂത്തുവാരി

ധാക്ക: പ്രതിപക്ഷത്തെ കരുത്തരായ നേതാക്കളുടെ അഭാവത്തില്‍ നടന്ന ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ് നിലവിലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നേതൃത്വം നല്‍കുന്ന മുന്നണി വീണ്ടും തൂത്തുവാരി. 299 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍, ഫലം പ്രഖ്യാപിച്ച 298 സീറ്റുകളില്‍ ഷെയ്ഖ് ഹസീന നയിക്കുന്ന അവാമിലീഗ് സഖ്യം 287 സീറ്റുകള്‍ നേടി. ജയിലില്‍നിന്നും തെരഞ്ഞെടുപ്പ് നേരിട്ട, മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ നേതൃത്വം നല്‍കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ മുന്‍കൈയിലുള്ള ദേശീയ ഐക്യമുന്നണി സഖ്യം  (ബി എന്‍ പി) ആറ് സീറ്റിലൊതുങ്ങി.  തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായി പ്രതിപക്ഷം ആരോപിച്ചു. തെരഞ്ഞെടുപ്പ് വിധി റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് കമാല്‍ ഹുസൈന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി. 

കടുത്ത വൈരികളായ ഷെയ്ഖ് ഹസീനയും ഖാലിദ സിയയും മാറിമാറി ഭരിക്കുന്ന ബംഗ്ലാദേശില്‍ ഇതോടെ ഷെയ്ഖ് ഹസീനയുടെ ആധിപത്യം പൂര്‍ണ്ണമാവുകയാണ്. ഖാലിദ സിയ അഴിമതിക്കേസില്‍ ജയിലിലാണ്. അവരുടെ മകനും പ്രതിപക്ഷത്തെ മുന്നണി പോരാളിയുമായ താരിഖ് റഹ്മാന്‍ അടക്കം പ്രമുഖ നേതാക്കള്‍ വിദേശത്താണ്. 2014ല്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച ഖാലിദ സിയയുടെ പാര്‍ട്ടി ഇത്തവണ വീറും വാശിയുമായി തെരഞ്ഞെടുപ്പില്‍ സജീവമായെങ്കിലും വന്‍ തിരിച്ചടി നേരിടുകയായിരുന്നു. തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമങ്ങളില്‍ ഇരു സഖ്യങ്ങളില്‍നിന്നായി 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

71കാരിയായ ഷെയ്ഖ് ഹസീന ഇത് നാലാം തവണയാണ്  പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഗോപാല്‍ ഗഞ്ജ് മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തിലാണ് ഹസീന ജയിച്ചത്. ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുര്‍ത്തഫി മൊര്‍ത്താസയും ജയിച്ചവരില്‍ ഉള്‍പ്പെടുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതായി പ്രതിപക്ഷ നേതാവ് കമാല്‍ ഹുസൈന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അക്രമം വ്യാപകമായിരുന്നു. ഭീഷണിയും അക്രമവും മൂലം പ്രതിപക്ഷ നിരയിലെ 28 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പിന് മുമ്പേ പിന്‍മാറിയത്. 6 ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലില്‍ ആയിരുന്നു തെരഞ്ഞെടുപ്പ്. എന്നിട്ടും ഇരു മുന്നണികളും പലയിടങ്ങളിലും തെരുവില്‍ ഏറ്റുമുട്ടി.

350 അംഗ പാര്‍ലമെന്റില്‍ 50 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. ബാക്കി 300 ല്‍ 299 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു. 

click me!