പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ കുടുങ്ങി കെ.എസ്.ആര്‍.ടി.സിയും

By Web DeskFirst Published Mar 10, 2018, 11:06 AM IST
Highlights

ബാങ്ക് കണ്‍സോഷ്യം 3000 കോടി രൂപയുടെ വായ്പ തരുന്നതോടെ എല്ലാ ബാധ്യതളും ഒരൊറ്റ വായ്പക്ക് കീഴിലാകുമെന്നായിരുന്നു കണക്കുകൂട്ടല്‍.

പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പിൽ കുടുങ്ങിയത് കെ.എസ്.ആര്‍.ടി.സിയും. പഞ്ചാബ് നാഷണൽ ബാങ്ക് പ്രതിസന്ധിയിലായതോടെ ബാങ്ക് കണ്‍സോഷ്യത്തിൽ നിന്ന് കെ.എസ്.ആര്‍.ടി.സി പ്രതീക്ഷിച്ചിരുന്ന ദീഘകാല വായ്പയുടെ നടപടികളും അനിശ്ചിതത്വത്തിലായി.

ബാങ്ക് കണ്‍സോഷ്യം 3000 കോടി രൂപയുടെ വായ്പ തരുന്നതോടെ എല്ലാ ബാധ്യതളും ഒരൊറ്റ വായ്പക്ക് കീഴിലാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. ദീര്‍ഘകാല വായ്പയായതിനാൽ ഇതിന് തിരിച്ചടവ് തുക കുറയുമായിരുന്നു. കടക്കെണിയിൽ നിന്ന് കരകയാറാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ബാങ്ക് കണ്‍സോഷ്യത്തിന്റെ വായ്പയെ കെ.എസ്.ആര്‍.ടി.സി കാണുന്നത്. മാര്‍ച്ച് ആദ്യവാരത്തോടെ വായ്പാ തുക കിട്ടുമെന്ന് പ്രതിക്ഷക്കാണ് പി.എൻ.ബി തട്ടിപ്പ് തിരിച്ചടിയായത്. കണ്‍സോഷ്യത്തിലെ പ്രധാന അംഗമാണ് പഞ്ചാബ് നാഷണൽ ബാങ്ക്. കോടിക്കണക്കിന് രൂപ വായ്പാ തട്ടിപ്പിൽ നഷ്ടമാവുകയും അതിൽ അന്വേഷണവും നടപടികളും വരുന്ന സാഹചര്യത്തിൽ മറ്റിടപാടുകൾക്കെല്ലാം ബാങ്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. 

3000 കോടിയിൽ 750 കോടിയും കണ്ടെത്തി നൽകാമെന്നേറ്റിരുന്നതും പഞ്ചാബ് നാഷണൽ ബാങ്കാണ്. കണ്‍സോഷ്യം തലവൻ എസ്.ബി.ഐ ആണെന്നിരിക്കെ സമാഹരിക്കുന്ന തുക കൈകാര്യം ചെയ്യുന്നതിലും പി.എൻ.ബി കൂടുതൽ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം . അതേസമയം ഗൗരവമുള്ള പ്രശ്നമുണ്ടെന്ന് ബാങ്ക് അറിയിച്ചിട്ടില്ലെന്നും വായ്പാ നടപടിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി തന്നെ നേരിട്ട് അടുത്ത ദിവസങ്ങളിൽ ചര്‍ച്ച നടത്തുമെന്നും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് അറിയിച്ചു.

click me!