കെ സുരേന്ദ്രന്‍റെ അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് പൊലീസ്

By Web TeamFirst Published Nov 29, 2018, 10:18 AM IST
Highlights

പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ ഇന്ന് കോഴിക്കേട്ടേക്ക് കൊണ്ടുപോകും. കോഴിക്കോട് ജില്ലാ ജയിലിൽ താമസിപ്പിച്ച ശേഷം മറ്റന്നാള്‍ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. 

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍റെ അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് പൊലീസ്. സുരേന്ദ്രനെ അറസ്റ്റ് ചെയ്യുമ്പോൾ വാറണ്ട് നിലവിലില്ല എന്ന വാദം തെറ്റെന്ന് പൊലീസ് പറഞ്ഞു. വാറണ്ട് 21ന്‌ തന്നെ കൊട്ടാരക്കര സബ് ജയിലിൽ സൂപ്രണ്ടിന് ലഭിച്ചു. ഇക്കാര്യം സൂപ്രണ്ട് അറിയിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. 

അതേസമയം, ജാമ്യാപേക്ഷയിൽ ഇന്ന് അധിക വാദം കേൾക്കണം എന്ന് പത്തനംതിട്ട കോടതിയിൽ ആവശ്യപ്പെടും. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ആവശ്യം ഉന്നയിക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന കെ. സുരേന്ദ്രനെ ഇന്ന് കോഴിക്കേട്ടേക്ക് കൊണ്ടുപോകും. കോഴിക്കോട് ജില്ലാ ജയിലിൽ താമസിപ്പിച്ച ശേഷം മറ്റന്നാള്‍ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കോഴിക്കോട്ട് സമരവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 

തൃപ്തി ദേശായിയെ തടഞ്ഞതിന് നെടുമ്പേശ്ശേരി പൊലീസ് പുതിയൊരു കേസുകൂടി സുരേന്ദ്രനെതിരെ ഇന്നലെ ചുമത്തിയിരുന്നു. സന്നിധാനത്ത് 52 വസ്സുകാരിയായ തീർത്ഥാടയെ വധിക്കാൻ ശ്രമിച്ച കേസിലെ ജാമ്യ ഹർജിയിൽ നാളെ പത്തനംതിട്ട കോടതി വിധി പറയും.  കേസിൽ ജാമ്യം കിട്ടിയാലും മറ്റ് കേസുകളിൽ വാറണ്ട് ഉള്ളതിനാൽ സുരേന്ദ്രന് ജയിലിൽ നിന്ന് പുറത്ത് ഇറങ്ങാനാകില്ല. ഇതിനിടെ തുടർ സമരങ്ങള്‍ ആലോചിക്കാൻ ബിജെപി ജനറൽ സെക്രട്ടറിമാരുടെ യോഗം ഇന്ന് കൊച്ചിയിൽ ചേരും.
 

click me!