കോഴിക്കോട് കോടതി വളപ്പില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ അറസ്റ്റ് ചെയ്തു

By Web DeskFirst Published Jul 30, 2016, 5:03 AM IST
Highlights

ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറാമാന്‍ അഭിലാഷ്, ഡിഎസ്എന്‍ജി എഞ്ചിനീയര്‍  അരുണ്‍, ഡ്രൈവര്‍ ജയപ്രകാശ് എന്നിവരെയാണ് പൊലീസ് ജില്ലാ കോടതി വളപ്പില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അറസ്ററ് ചെയ്ത വാര്‍ത്ത നല്‍കാന്‍ സ്റ്റേഷനില്‍ നിന്ന് ഫോണ്‍ ചെയ്ത മാധ്യമ പ്രവര്‍ത്തരെ അതിന് അനുവദിക്കാതെ ഫോണ്‍ പിടിച്ചുവാങ്ങുകയും കോളറില്‍ കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയും ചെയ്തു.  തത്സമയദൃശ്യങ്ങള്‍ നല്‍കാനുപയോഗിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ ഡി.എസ്.എന്‍.ജി വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

രാവിലെ കേസ് പരിഗണിക്കവെ മാധ്യമ പ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ എത്തിയിരുന്നു. എന്നാല്‍ ആരും കോടതിക്ക് അകത്ത് പ്രവേശിച്ചിരുന്നില്ല. അഭിഭാഷകര്‍ അടക്കം ആരും മാധ്യമ പ്രവര്‍ത്തരെ തടയുകയോ പ്രതിഷേധവുമായി രംഗത്തെത്തുകയോ ചെയ്തിരുന്നില്ല. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം യാതൊരു പ്രകേപനവുമില്ലാതെ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ മറ്റുള്ളവരെ പൊലീസ് അനുവദിച്ചില്ല. മറ്റാരും സ്റ്റേഷന് അകത്ത് പ്രവേശിക്കാതിരിക്കാന്‍ സ്റ്റേഷന് പുറത്തുള്ള വാതിലും പൊലീസ് പൂട്ടിയിട്ടു. മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് കസ്റ്റഡിയിലെടുത്തവരെ പൊലീസ് വിട്ടയച്ചു.

കോടതിയുടെ അകത്ത് മാധ്യമ പ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് തടയണമെന്ന് ജില്ലാ ജ‍ഡ്‍ജിയുടെ ഉത്തരവുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇത്തരമൊരു ഉത്തരവുണ്ടെന്ന് പൊലീസോ കോടതിയോ ആരെയും അറിയിച്ചിരുന്നില്ല. എന്നാല്‍ കോടതിയുടെ അകത്ത് പ്രവേശിക്കാതെ പുറത്ത് നിന്ന മാധ്യമ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് പ്രവേശനമുള്ള തുറന്ന കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ മാത്രം തടയുന്നത് നിയമവിരുദ്ധമാണെന്ന് നിയമ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.

 

click me!