
ചെന്നൈ: പിഞ്ചുകുഞ്ഞിനെ തടാകത്തില്‍ ഏറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. ചെന്നൈ വേളച്ചേരിയിലാണ് സംഭവം അരങ്ങേറിയത്. വേളാച്ചേരി ദ്രൗപതി അമ്മൻ കോവിൽ സ്ട്രീറ്റിലെ വാടക വീട്ടിൽ താമസിക്കുന്ന വിക്കണ്ണയുടെ ഭാര്യ ഉമയാണ് (27) അറസ്റ്റിലായത്. കുഞ്ഞിനെ കാണാനില്ലെന്ന് ശനിയാഴ്ചയാണ് അവർ പരാതി നൽകിയത്. കൂടെ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ പുലർച്ചെ നാല് വരെ കണ്ടിരുന്നെന്നും പിന്നീട് അഞ്ചരയ്ക്ക് എഴുന്നേറ്റപ്പോൾ കണ്ടില്ലെന്നുമായിരുന്നു പരാതി.
തുടര്‍ന്ന് വേളാച്ചേരി പോലീസ് ഇൻസ്പെക്ടർ വേലുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കി. ഇതിനെ തുടര്‍ന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന സംശയം ബലപ്പെട്ടു. ഇതോടെയാണ് സ്ഥലത്തെ പ്രധാനസ്ഥലങ്ങളിലെ സിസിടിവികള്‍ പരിശോധിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയാസ്പദമായ സാഹചര്യത്തിൽ പുലർച്ചെ റോഡിലൂടെ ഒരു സ്ത്രീ നടന്നുപോകുന്നതായി കണ്ടെത്തി. സി.സി.ടി.വി. ദൃശ്യങ്ങളിൽ കണ്ട സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾക്കൊടുവിലാണ് അത് ഉമയാണെന്ന് കണ്ടെത്തി. ഇതോടെ ഇവരെ വിശദമായി ചോദ്യം ചെയ്ത പോലീസിന് മുന്നില്‍ ഇവര്‍ കുറ്റം സമ്മതിച്ചു.
മുലപ്പാൽ നൽകുമ്പോൾ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുന്നതിനെത്തുടർന്നാണ് കുഞ്ഞിനെ കൊന്നതെന്ന് ഉമ മൊഴി നൽകിയതായി പോലീസ് അറിയിച്ചു. പ്രസവത്തിനുശേഷം ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും കുഞ്ഞിന് മുലപ്പാൽ നൽകുമ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നുവെന്നും ഉമ പറഞ്ഞു. ഇക്കാര്യം ഭർത്താവിനോട് പലതവണ പരാതിപ്പെട്ടുവെങ്കിലും ഗൗനിച്ചില്ല.
അതോടെ കുഞ്ഞിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.ശനിയാഴ്ച പുലർച്ചെ എല്ലാവരും ഉറക്കത്തിലായിരുന്ന സമയത്ത് കുഞ്ഞിനെയെടുത്ത് പുറത്തിറങ്ങിയ ഉമ സമീപത്തെ തടാകത്തിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. തിരിച്ചുവന്ന ഇവർ പിന്നീട് എല്ലാവർക്കുമൊപ്പം കുട്ടിയെ തിരയാനും പോയിരുന്നു. അറസ്റ്റിലായ ഉമയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam