തര്‍ക്കം പരിഹരിക്കാനെത്തിയ യുവാവിന് പൊലീസിന്‍റെ മര്‍ദ്ദനം

By Web DeskFirst Published Nov 22, 2017, 10:50 PM IST
Highlights

കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ യുവാവിന് നേരെ പൊലീസിന്‍റെ മർദ്ദനമെന്ന് ആരോപണം. നടക്കാവ് സ്വദേശി സേതുമാധവനാണ് മുളന്തുരുത്തി പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്..എന്നാൽ യുവാക്കൾ തമ്മിലുണ്ടായ അടിപിടിയിലാണ് പരിക്ക് സംഭവിച്ചതെന്നും മർദ്ദിച്ചിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.

മുളന്തുരുത്തി നടക്കാവ് ജംഗ്ഷനിൽ വെച്ചാണ് സംഭവം. ഇവിടെ വച്ച് സേതുമാധവൻ തന്‍റെ സുഹൃത്തുക്കൾ നാട്ടിൽ തന്നെയുള്ള ചിലരുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നതായി കണ്ടു. തർക്കം അടിപിടിയായപ്പോൾ ഇയാൾ ഇടപെട്ടു. സംഭവമറിഞ്ഞ് ട്രാഫിക് ഹോംഗാർഡ് ഇവിടെയെത്തിയതും മറ്റുള്ളവർ ഓടിപ്പോയി. കൈയ്യിൽ കിട്ടിയത് സേതുമാധവനെ. ഹോംഗാർഡ് അറിയിച്ച പ്രകാരം സ്ഥലത്തെത്തി സേതുമാധവനെ മുളന്തുരുത്തി എസ്ഐ അരുൺ ദേവ് കസ്റ്റഡിയിലെടുത്തു. തുടർന്ന് സ്റ്റേഷനിലെത്തിച്ച് തന്നെ എസ്ഐ ക്രൂരമായി മർദ്ദിച്ചതായി ഇയാൾ പറയുന്നു. നിരപരാധിയെന്ന് പറയാൻ ശ്രമിച്ചപ്പോൾ മർദ്ദനം കൂടുതൽ ശക്തമായിയെന്നും ആരോപണം.

സേതുമാധവനെ സ്റ്റേഷനിൽ നിന്ന് ഇറക്കാൻ മുൻ മെമ്പറെയും കൂട്ടി സ്റ്റേഷനിലെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജോബിഷിനെയും മർദ്ദിച്ചു. മർദ്ദനത്തിന് ശേഷം സേതുമാധവനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.എറണാകുളം റൂറൽ എസ്പിക്ക് പരാതി നൽകിയ സേതുമാധവൻ പൊലീസ് കംപ്ലെയിന്‍റ് അതോറിറ്റിയെയും സമീപിക്കും.എന്നാൽ പൊലീസ് ഇയാളെ മർദ്ദിച്ചിട്ടില്ലെന്ന്  മുളന്തുരുത്തി എസ്ഐ അരുൺ ദേവ് പറയുന്നു. യുവാക്കൾ തമ്മിലെ അടിപിടിയിലുണ്ടായ പരിക്കാണ് സേതുമാധവന്‍റെ ദേഹത്ത് കാണുന്നതെന്നുമാണ് മുളന്തുരുത്തി എസ്ഐയുടെ വാദം.

 

click me!