സിപിഎം നേതാവിന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന് പരാതി

By Web DeskFirst Published Nov 22, 2017, 10:47 PM IST
Highlights

പാലക്കാട്: കസ്റ്റഡിയിലെടുത്ത യുവാവിനെ പാലക്കാട് തൃത്താലയില്‍ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ സി.പി.എം നേതാവിന്‍റെ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോപണം പൊലീസ് നിഷേധിച്ചു

വളാഞ്ചേരി സ്വദേശി സഹിര്‍ സക്കറിയക്കാണ് മര്‍ദ്ദനമേറ്റത്. മൂന്ന് പേര്‍ ബൈക്കില്‍ യാത്ര ചെയ്തതിന്‍റെ പേരില്‍ കസ്റ്റഡിയിലെടുത്ത് തൃത്താല എസ്.ഐ മര്‍ദ്ദിച്ചെന്നാണ് സഹിന്‍റെ പരാതി. ബൈക്ക് തടഞ്ഞു നിര്‍ത്തിയ പൊലീസ് ദേഹപരിശോധന നടത്തിയെന്നും ഇത് എന്തിനാണെന്ന് ചോദിച്ചതാണ് എസ്.ഐയെ പ്രകോപിപ്പിച്ചതെന്നും സഹീര്‍ പറഞ്ഞു. മൊബൈല്‍ഫോണും എസ്.ഐ പിടിച്ചുവാങ്ങി. സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി.പി സക്കറിയുടെ മകനും എസ്.എഫ്.ഐ ദേശീയ പ്രസിഡണ്ട് വി.പി സാനുവിന്‍റെ സഹോദരനുമാണ് സഹീര്‍. പരിക്കേറ്റ സഹീര്‍ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.

എന്നാല്‍ ബൈക്കില്‍ അമിത വേഗത്തില്‍ പോയിരുന്ന സഹീറടക്കമുള്ള മൂന്നുപേര്‍ പൊലീസ് കൈകാണിച്ചിട്ടും  നിര്‍ത്താതെ പോകുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ വിശദീകരണം. പിന്‍തുടര്‍ന്ന് പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്തതിലുള്ള വിരോധത്തിലാണ് മര്‍ദ്ദിച്ചെന്ന കള്ളപരാതി പറയുന്നതെന്നും തൃത്താല എസ്.ഐ പറ‍ഞ്ഞു.

click me!