
തിരുവനന്തപുരം: പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായി ജിഷ്‌ണുവിന്റെ അമ്മ മഹിജ. പൊലീസ് തന്നെ ചവിട്ടി വലിച്ചിഴച്ചുവെന്ന് മഹിജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഹോദരന്‍ ശ്രീജിത്തിനെയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും മഹിജ പറഞ്ഞു. ആദ്യം സഹോദരനെ വലിച്ചിഴച്ചു. പിന്നീടാണ് തനിക്കെതിരെ ബല പ്രയോഗം ഉണ്ടായത്. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റു ചെയ്യുന്നതുവരെ സമരം തുടരുമെന്നും മഹിജ പറഞ്ഞു.
ഇന്നു രാവിലെയാണ് പൊലീസ് ആസ്ഥാനത്ത് സമരത്തിന് എത്തിയ ജിഷ്‌ണുവിന്റെ അമ്മയെയും കുടുംബാംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കിയത്. ജിഷ്‌ണുവിന്റെ അമ്മയെ റോഡിലൂടെ വലിച്ചിഴച്ചാണ് കൊണ്ടുപോയത്. പൊലീസ് മര്‍ദ്ദനമേറ്റ മഹിജയെ പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ വിദഗ്ദ്ധ ചികില്‍സയ്‌ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.