വനിതാമതിലിനിടെ ഉണ്ടായ സംഘർഷം: 200 പേർക്കെതിരെ കേസെടുത്തു, ജില്ലയില്‍ കനത്ത ജാഗ്രത

By Web TeamFirst Published Jan 2, 2019, 6:38 AM IST
Highlights

കാസർക്കോട് വനിതാമതിലിനിടെ ഉണ്ടായ സംഘർഷത്തിൽ 200 പേർക്കെതിരെ കേസെടുത്തു. പരിക്കേറ്റ 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ജില്ലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 

കാസര്‍ഗോഡ്: കാസര്‍ഗോഡ് ചേറ്റുകുണ്ടിൽ വനിതാ മതിലിനിടെയുണ്ടായ സംഘർഷത്തില്‍ 200 പേർക്കെതിരെ കേസെടുത്തു. പരിക്കേറ്റ 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാധ്യപ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടായ അക്രമത്തിനെതിരെയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ചേറ്റുകുണ്ടിൽ ഉണ്ടായ അക്രമം ചെറുക്കാന്‍ 5 റൗണ്ട് വെടിയാണ് പൊലീസ് ആകാശത്തേക്ക് വയ്ച്ചത് . വനിതാ മതിലിനിടെ  ഒരു വിഭാഗം ബി ജെ പി ആ ര്‍എസ് എസ് പ്രവർത്തകർ റോഡ് കയ്യേറി പ്രതിഷേധിക്കുകയായിരുന്നു. മതിൽ തീർക്കാൻ സാധിക്കാതെ വന്നതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. സ്ഥലത്ത് തീ ഇട്ട് പുകച്ചാണ് വനിതാ മതിലിനെത്തിയവരെ പ്രവര്‍ത്തകര്‍ തടഞ്ഞത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു. ബി ജെ പിക്ക് സ്വാധീനമുളള മേഖലയില്‍ സംഘര്‍ഷം ചെറിക്കാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചിരുന്നു. 

കാസർകോട്  മായിപ്പാടിയില്‍ മതിലിൽ പങ്കെടുത്ത് മടങ്ങുന്നവർക്ക് നേരെയും അക്രമം ഉണ്ടായിരുന്നു. അക്രമികള്‍ ബസിന് നേരെ കല്ലേറിഞ്ഞു. മധൂർ കുതിരപ്പാടിയിൽ വച്ചുണ്ടായ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കന്തലിലെ ഇസ്‌മായിലിന്റെ ഭാര്യ അവ്വാബി (35)യെയും പുത്തിഗെയിലെ സരസ്വതിയെയുമാണ് മംഗളൂരുവിലെ സ്വകാര്യ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുത്തിഗെയിലെ അമ്പുവിന്റെ മകൾ ബിന്ദു (36), പെർളാടത്തെ മായിൻകുഞ്ഞിയുടെ മകൻ പി എം അബ്ബാസ്‌ (45) എന്നിവരെ ജനറൽ ആശുപത്രിയിലെ പ്രാഥമിക പരിശോധനക്ക്‌ ശേഷം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവ്വാബിയുടെയും സരസ്വതിയുടെയും തലയ്‌ക്കാണ്‌ ഗുരുതരമായി പരിക്കേറ്റത്‌.

അതേസമയം,  620 കിലോമീറ്ററില്‍ ഒരുങ്ങിയ മതിലില്‍ വന്‍ സ്ത്രീ പങ്കാളിത്തമാണ് ഉണ്ടായത്.  മന്ത്രി കെ കെ ശൈലജ ആദ്യകണ്ണിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അവസാന കണ്ണിയുമായി. വനിതാമതില്‍ അവസാനിക്കുന്ന വെള്ളയമ്പലത്ത് പിന്തുണയുമായി പിണറായി വിജയനും വിഎസും എത്തി. മതിലിന് പിന്തുണയുമായി മന്ത്രിമാരും ജനപ്രതിനിധികളും എത്തി.

click me!