
കൊച്ചി: പിതാവിന്‍റെ ആത്മഹത്യ കൊലപാതകമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസ്സിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ എറണാകുളം റേഞ്ച് ഐജി സസ്പെൻഡ് ചെയ്തു. നെടുങ്കണ്ടം സിഐ ആയിരുന്ന അയൂബ്ഖാൻ, എ.എസ്.ഐ സാബു മാത്യു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ആറാം തീയതിയാണ് തൂക്കുപാലം ഇളപ്പുങ്കൽ മീരാൻ റാവുത്തറെ വീടിനുള്ളിലെ ശുചിമുറിയിൽ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രോഗബാധിതനായതിനെ തുടർന്ന് ആത്മഹത്യ ചെയ്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഒൻപതാം തീയതി വീട്ടിലെത്തിയ സിഐയും സംഘവും മകൻ സുലൈമാനോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. സ്റേറഷൻനിൽ വച്ച് പിതാവിൻറെ മരണം കൊലപാതകം ആക്കി മാറ്റുമെന്നു ഭീഷണിപ്പെടുത്തി. ഇല്ലെങ്കിൽ ഒരു ലക്ഷം രൂപ നൽകണമെന്നും സിഐ അയൂബ്ഖാൻ ആവശ്യപ്പെട്ടു.
മരുമകനായ പൊലീസുകാരനെ ഒപ്പം കൂട്ടിയതിന് സുലൈമാനെ വഴക്കു പറയുകയും ചെയ്തു. സിഐ ആവശ്യപ്പെട്ട പ്രകാരം പതിനൊന്നാം തീയതി രാവിലെ ഒരു ലക്ഷം രൂപ പോലീസ് സ്റ്റേഷനിൽ വച്ച് കൈമാറി. പിന്നീട് സംഭവം സംബന്ധിച്ച് ഇടുക്കി ജില്ല പൊലീസ് മേധാവിക്ക് മകൻ പരാതി നൽകി. ഇടുക്ക് എസ് പി കെ.ബി. വേണുഗോപാലിൻറെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്.
കൈക്കുലിയായി കിട്ടിയ പണം സിഐ അയൂബ് ഖാനും എഎസ്ഐ സാബു മാത്യുവും വീതിച്ചെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തി. സംഭവം അറിഞ്ഞിട്ടും റിപ്പോട്ട് ചെയ്യാതിരുന്ന സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. രാജേന്ദ്രക്കുറുപ്പിനെ തീവ്ര പരിശീലന കോഴ്സിനായി എ.ആർ. ക്യമ്പിലേക്ക് അയച്ചു. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഇടുക്കി അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പിയോട് നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam