
ഇടുക്കി: നിര്‍ധന കുടുംബത്തിന് കിടപ്പാടമൊരുക്കി ഇടുക്കി എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യാഗസ്ഥര്‍ .അടിമാലി ആയിരമേക്കറില്‍ താൽകാലികമായി കെട്ടിയൊരുക്കിയ കൂരയ്ക്ക് കീഴില്‍ ജീവിതം തള്ളി നീക്കിയിരുന്ന അമ്മക്കും മകള്‍ക്കുമാണ് കാക്കിയിട്ട സുമനസുകൾ തുണയായത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ ജില്ലാ പോലീസ് മേധാവി കെ ബി വേണുഗോപാല്‍ കുടുംബത്തിന് കൈമാറി.
നിയമത്തിനും സുരക്ഷക്കും ഒപ്പും സഹജീവികളോടും തങ്ങൾക്ക് കരുതലുണ്ടെന്ന് തെളിയിച്ചാണ് എആർ ക്യാംപിലെ പോലീസ് ഉദ്യാഗസ്ഥർ വീട് പണി പൂർത്തിയാക്കിയത്. ഉദ്യോഗസ്ഥർ അവരുടെ വേതനത്തിൽ ഒരു വിഹിതം കൂട്ടിവയ്ക്കുകയും ശ്രമദാനത്തില്‍ പങ്കാളികളാവുകയും ചെയ്തതോടെ രണ്ടു മാസത്തിനകം രണ്ടരലക്ഷം രൂപ ചിലവിട്ട് വീട് പണി പൂർത്തിയായി.
പഴിചാരലുകള്‍ മാത്രം കേള്‍ക്കുന്ന പോലീസുദ്യോഗസ്ഥരുടെ ഉള്ളിലും വറ്റാത്ത നന്മയുടെ കണികകളുണ്ടെന്ന് തെളിയിക്കുകയാണ് ഇത്തരം സംഭവങ്ങളെന്ന് അമ്മയ്ക്കും മകൾക്കും താക്കോൽ കൈമാറി കൊണ്ട് ജില്ലാ പോലീസ് മേധാവി പറഞ്ഞു. കടംവാങ്ങിയും കൈയ്യിലുള്ളതുമായ തുകകൊണ്ട് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കമിട്ട വീട് നിര്‍മ്മാണം ജീവിതപ്രാരാബ്ദത്താല്‍ ഇടവഴിക്ക് മുടങ്ങിയതോടെയായിരുന്നു ഓമനയുടെയും പോളീടെക്‌നിക് വിദ്യാര്‍ത്ഥിനിയായ മകളുടെയും ജീവിതം കൂരക്കുള്ളിലേക്ക് തള്ളപ്പെട്ടത്.
പ്രായപൂര്‍ത്തിയായ മകളുമൊത്ത് ഈ മഴക്കാലവും പ്ലാസ്റ്റിക് കൂരക്കുള്ളില്‍ കഴിച്ചു കൂട്ടേണ്ടി വരുമല്ലോയെന്നോര്‍ത്ത് നെടുവീര്‍പ്പിട്ടിരുന്ന ഓമനയുടെ മുമ്പിലേക്ക് ദൈവദൂതരെ പോലെയായിരുന്നു പോലീസ് ഉദ്യാഗസ്ഥരുടെ കടന്നു വരവ്.അമ്മയുടെയും മകളുടെയും ജിവിത പ്രാരംബ്ദം തിരിച്ചറിഞ്ഞതോടെ പിന്നെയെല്ലാം പെട്ടന്നായി.
വണ്ടിയെത്താനുള്ള സ്ഥലസൗകര്യമില്ലാതിരുന്ന വീട്ടിലേയ്ക്ക് ഒഴിവുസമയങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കല്ലും കമ്പിയും മണലുമെല്ലാം തലചുമടായി എത്തിക്കുകയായിരുന്നു. ഓമന പണിതീർത്ത തായ്ത്തറയില്‍ നിന്നും വീട് ഭിത്തിയായും മേല്‍ക്കൂരയായും വളര്‍ന്നു. ഒടുവില്‍ പോലീസിന്റെ നല്ലമനസൊരുക്കിയ വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങുമ്പോൾ അമ്മയുടെയും മകളുടേയും കണ്ണുകള്‍ കണ്ണുനീരാല്‍ നനഞ്ഞു.
രണ്ട് കിടപ്പുമുറികളും സ്വീകരണമുറിയും അടുക്കളയും ഉള്‍പ്പെടുന്നതാണ് പോലീസിന്റെ സ്‌നേഹഭവനം.ജില്ലാ പോലീസ് മേധാവി കെ ബി വേണുഗോപാലിനൊപ്പം അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സാബു,പോലീസ് അസോസിയേഷന്‍ ഭാരവാഹി പി കെ ബൈജു തുടങ്ങിയവര്‍ താക്കോല്‍ ദാനചടങ്ങില്‍ പങ്കെടുത്തു. താക്കോല്‍ കൈമാറി മധുരം പങ്കുവെച്ചാണ് കാക്കിയിട്ടവര്‍ കുന്നിറങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam