തിരുവമ്പാടിയിലും കായംകുളത്തും കെ മുരളീധരൻ മത്സരിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ. ഇത് സ്നേഹം കൊണ്ടാണോ നശിപ്പിക്കാനാണോ എന്നറിയില്ലെന്നും മത്സരിക്കാൻ മൂടില്ലെന്നും കെ മുരളീധരൻ.
കോഴിക്കോട്: കെ മുരളീധരൻ മത്സരിക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടിയിലും കായംകുളത്തും പോസ്റ്ററുകൾ. എല്ലായിടത്തുനിന്നും വിളികൾ വരുന്നുണ്ടെന്നു പറഞ്ഞ മുരളീധരൻ ഇത് സ്നേഹം കൊണ്ടാണോ നശിപ്പിക്കാനാണോ എന്നറിയില്ലെന്നും പ്രതികരിച്ചു. ഇത്തവണ മത്സരിക്കാൻ മൂടില്ലെന്നും എല്ലാം പാർട്ടി തീരുമാനിക്കുമെന്നുമാണ് മുരളിയുടെ നിലപാട്.
വട്ടിയൂർക്കാവ്, ഗുരുവായൂർ, തൃശ്ശൂർ, പാലക്കാട്, തിരുവമ്പാടി, കായകുളം തുടങ്ങി പലയിടങ്ങളിലും കെ മുരളീധരൻ മത്സരിക്കണം എന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മണ്ഡലം തിരിച്ചു പിടിക്കാൻ മതേതരത്വത്തിന്റെ കാവലാൾ എന്നാണ് തിരുവമ്പാടിയിലെ പോസ്റ്റർ. ലീഗിൽ നിന്നും സീറ്റ് ഏറ്റെടുത്ത് കോൺഗ്രസ് മത്സരിക്കണം എന്ന ആവശ്യം ഉയരുന്നതിനിടെയാണ് മുരളിക്ക് വേണ്ടിയുള്ള പോസ്റ്ററുകൾ പലയിടത്തും വരുന്നത്. തെക്കൻ കേരളത്തിൽ ലീഗ് നോട്ടമിട്ട സീറ്റുകളിൽ ഒന്നാണ് കായംകുളം. സീറ്റ് മാറ്റത്തിൽ ഉഭയകക്ഷി ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇവിടെയും മുരളിക്ക് വേണ്ടി പോസ്റ്ററുകൾ ഉയർന്നത്. തിരുവമ്പാടിയിൽ ഉടമസ്ഥർ ഇല്ലാതെയാണ് പോസ്റ്ററെങ്കിൽ കായംകുളത്ത് കോൺഗ്രസ് കൂട്ടായ്മയുടെ പേരിലാണ് പോസ്റ്റർ. സ്നേഹം കൊണ്ടാണോ തകർക്കാൻ ആണോ ഇത്ര ഏറെ വിളികൾ എന്നാണ് മുരളിയുടെ സന്ദേഹം.
എല്ലാ തവണയും മത്സരിക്കുന്നതിൽ അല്ല കാര്യം, തിരുവനന്തപുരം അടക്കം ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഇത്തവണ കേന്ദ്രീകരിച്ചു പ്രവർത്തിക്കാമല്ലോ എന്നും മുരളീധരൻ പറയുന്നു. മത്സരിക്കാൻ മൂടില്ലെന്ന് ആവർത്തിക്കുമ്പോഴും എല്ലാം പാർട്ടി തീരുമാനിക്കും എന്നും മുരളി പറയുന്നുണ്ട്. തെക്ക് മുതൽ വടക്ക് വരെ പോസ്റ്റർ ഉയരുമ്പോൾ മുരളി എവിടെ ഇറങ്ങുമെന്നതിൽ ആണ് രാഷ്ട്രീയ ആകാംക്ഷ.

