
തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്‍റെ മകൾ മര്‍ദ്ദിച്ച സംഭവത്തില്‍ നിയമപോരാട്ടം തുടരുമെന്ന് പൊലീസ് ഡ്രൈവർ ഗവാസ്ക്കർ. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗവാസ്ക്കർ ആശുപത്രി വിട്ടു. ഇതിനിടെ പൊലീസുകാരുടെ കാര്യക്ഷമത മെച്ചപ്പെടുത്താനുള്ള മുൻ മേധാവിമാരുടെ പരിശീലനം തുടങ്ങി. ഗവാസ്ക്കർ പരാതിയിൽ ഉറച്ചുനിന്നതാണ് ദാസ്യപ്പണി വിവാദം ശക്തമാകാൻ കാരണം.
വലിയ സമ്മർദ്ദം തുടക്കം മുതൽ ഉണ്ടായിരുന്നെങ്കിലും നീതി കിട്ടും വരെ പിന്നോട്ടില്ലെന്നാണ് പൊലീസ് ഡ്രൈവർ പറയുന്നത്. ഒൻപത് ദിവസത്തെ ചികിത്സക്ക് ശേഷമാണ് ഗവാസ്ക്കർ ആശുപത്രി വിട്ടത്. അതേ സമയം ഗവാസ്ക്കാർ അപമര്യാദയായി പെരുമാറിയെന്നും കാലിലൂടെ പൊലീസ് വാഹനം കയറ്റി ഇറക്കിയെന്നുമുള്ള മൊഴി സുധേഷ് കുമാറിന്‍റെ മകൾ ക്രൈം ബ്രാഞ്ചിനോട് ആവർത്തിച്ചു.
കാലിൽ പരിക്കില്ലെന്നായിരുന്നു ചികിത്സ ഡോക്ടറുടെ മൊഴി. മൊഴിയിലെ വൈരുധ്യം ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന ഗവാസ്ക്കറുടെ ഹർജി പരിഗണിക്കുമ്പോൾ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും. ക്യാമ്പ്ഫോളോവർമാരെ കൊണ്ട് ദാസ്യപ്പണി ചെയ്യിച്ചുവെന്ന് കണ്ടെത്തിയ തിരുവനന്തപുരം എസ്എ പി ക്യാമ്പിലെ ഡെപ്യൂട്ടി കമാണ്ടന്റെ പിവി രാജുവിനെതിരെ ഡിജിപി നടപടിക്ക് ശുപാർശ ചെയ്തേക്കും.
അതിനിടെ നിരന്തരമായി പൊലീസ് വിവാദത്തിൽ പെടുന്ന സാഹചര്യത്തിൽ കാര്യക്ഷമത കൂട്ടാനുള്ള പ്രത്യേക പരിശീലനം തുടങ്ങി. മുൻ ഡിജിപി കെജെ ജോസഫിൻറെ പ്രത്യേക ക്ലാസിൽ തിരുവനന്തപുരം റേഞ്ചിലെ സിഐമാരും എസ്ഐമാരും പങ്കെടുത്തു. എല്ലാ റേഞ്ചുകളിലും ഈ രിതിയിലുള്ള പരിശീലനം വരും ദിവസങ്ങളിലുണ്ടാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam