കൊച്ചി നഗരത്തിലെ വെടിവയ്പ്; നടിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

By Web TeamFirst Published Dec 16, 2018, 6:47 AM IST
Highlights

നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളിൽ മുമ്പ് പ്രതിയായ ലീന മരിയ പോളിനും പങ്കാളി സുഖാഷ് ചന്ദ്രശേഖറിനും രാജ്യത്തെ വൻകിട ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് അടക്കം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. 

കൊച്ചി: കൊച്ചിയിൽ ബ്യൂട്ടി പാർലറിനു നേരെയുണ്ടായ വെടിവയ്പിൽ ഹവാലാ ഇടപാടുകളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഉടമയായ നടി ലീന മരിയ പോളിന്‍റെ സാമ്പത്തിക ഇടപാടുകൾക്ക് സംഭവവുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. നടിയെ കൊച്ചിയിൽ വിളിച്ചുവരുത്തി മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചു. പണമിടപാടുമായി ബന്ധപ്പെട്ട ത‍ർക്കമാണ് സംഭവത്തിന് പിന്നിൽ എന്നാണ് പൊലീസിന്റെ നിഗമനം. വെടിവയ്പ് നടത്തിയത് ഭയപ്പെടുത്താനാണെന്നും പൊലീസ് സംശയിക്കുന്നു.

നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളിൽ മുമ്പ് പ്രതിയായ ലീന മരിയ പോളിനും പങ്കാളി സുഖാഷ് ചന്ദ്രശേഖറിനും രാജ്യത്തെ വൻകിട ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് അടക്കം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സ്പോ‍ർട്സ് കാറുകളടക്കം 40 അത്യാഡംബര കാറുകൾ ഒരു വർഷം മുമ്പ് കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിന്‍റെ പാർക്കിങ് ഏരിയയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് പിടിച്ചെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പണമിടപാടുമായി ബന്ധപ്പെട്ട ത‍ർക്കമാണ് സംഭവത്തിന് കാരണം എന്ന നിഗമനത്തിൽ എത്തിയിരിക്കുന്നത്. 

അന്വേഷണത്തിന്‍റെ ഭാഗമായി ലീന മരിയ പോളിനെ കൊച്ചിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. രണ്ടാഴ്ച മമ്പ് ദുബായിലുണ്ടായിരുന്ന ലീന മരിയ പിന്നീട് ഹൈദരാബാദിൽ എത്തിയിട്ടുണ്ടെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. വെടിവയ്പ് നടത്തിയത് ആരെയും അപായപ്പെടുത്താനല്ല മറിച്ച് ഭയപ്പെടുത്താനോ ഭീഷണിയുടെ ഭാഗമായിട്ടോ ആണെന്നാണ് പൊലീസ് കരുതുന്നത്. ആരാണ് കൃത്യത്തിന് പിന്നിലെന്നും ലീന മരിയ പോളിന്‍റെ മൊഴിയെടുത്താൽ വ്യക്തമാകുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. 

എന്നാൽ കൃത്യത്തിനായി സംഭവസ്ഥലത്തെത്തിയവർ കൊച്ചിയിൽ നിന്നുതന്നെയുളളവരാകാം എന്നും കണക്കുകൂട്ടുന്നു. മുംബൈ അധോലോകവുമായി ബന്ധമുളള രവി പൂജാരയുടെ പേരിലുളള ഭീഷണി സന്ദേശത്തിന്‍റെ നിജസ്ഥിതിയും പൊലീസ് പരിശോധിക്കുന്നുണ്ട്. കളളപ്പണവുമായി ബന്ധപ്പെട്ട നിരവധി സാമ്പത്തിക തട്ടിപ്പുകളിലും ഇടപാടുകളിലും ലീന മരിയ പോളിനും പങ്കാളി സുഖാഷ് ചന്ദ്രശേഖറനും ഉളള പങ്കാളിത്തവും വരും ദിവസങ്ങളിൽ പൊലീസിന് പരിശോധിക്കേണ്ടിവരും. 

click me!